സിമി നേതാവും 2003ലെ മുലുന്ദ് സ്‌ഫോടന കേസിലെ പ്രതിയുമായ ചാനെപറമ്പില്‍ മുഹമ്മദ് ബഷീര്‍ കാനഡയില്‍ അറസ്റ്റിൽ. കാനഡയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പ്രതി പിടിയിലായത്. ഇയാളെ വിട്ടുകിട്ടാനുള്ള നടപടികള്‍ മുംബൈ പോലീസ് ആരംഭിച്ചിട്ടുണ്ട്.
പ്രതിയ്‌ക്കെതിരെ നേരത്തെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 12 പേരുടെ ജീവനെടുത്ത മുലുന്ദ് സ്‌ഫോടനക്കേസിലെ പ്രധാന പ്രതി കൂടിയാണ് മുഹമ്മദ് ബഷീര്‍.
കാം ബഷീര്‍ (CAM Bashir) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രതി കേരളത്തിലാണ് ജനിച്ചുവളര്‍ന്നത്. എയറോനോട്ടിക്കല്‍ എന്‍ജീനിയറായിരുന്ന ബഷീര്‍ പിന്നീട് നിരോധിത സംഘടനയായ സിമിയില്‍ ചേരുകയായിരുന്നു. സിമിയുടെ ദേശീയ അധ്യക്ഷനായി ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു.
പാകിസ്ഥാനില്‍ അഭയം തേടിയെന്ന് ആരോപിക്കപ്പെടുന്ന ഇന്ത്യയിലെ 50 മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയിലും ബഷീര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
”പ്രതിയ്‌ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കാനഡയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച വിവരം എയര്‍പോര്‍ട്ട് പരിശോധനയില്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. ശേഷം അവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയായിരുന്നു,” ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം ഡിഎന്‍എ പ്രൊഫൈല്‍ പരിശോധനയ്ക്കായി ബഷീറിന്റെ ബന്ധുവില്‍ നിന്ന് രക്തസാമ്പിളുകള്‍ ശേഖരിക്കാന്‍ അനുമതി തേടി മുംബൈ ക്രൈം ബ്രാഞ്ച് പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി കോടതി അംഗീകരിക്കുകയും ചെയ്തു. എറണാകുളത്ത് താമസിക്കുന്ന ബഷീറിന്റെ സഹോദരിയില്‍ നിന്നാണ് രക്തസാമ്പിളുകള്‍ ശേഖരിക്കുക. അന്വേഷണവുമായി സഹകരിക്കണമെന്ന് ബഷീറിന്റെ സഹോദരിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
2002 ഡിസംബര്‍ ആറിനാണ് മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ സ്‌ഫോടനം നടന്നത്. ഇതിന് പിന്നാലെ 2003, ജനുവരി 27ന് മുംബൈയിലെ വൈല്‍ പാര്‍ലെയിലും സ്‌ഫോടനം നടന്നിരുന്നു. 2003 മാര്‍ച്ച് 13നാണ് മൂന്നാമത്തെ സ്‌ഫോടനം നടന്നത്. മുലുന്ദിലെ ലോക്കല്‍ ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റിലായിരുന്നു സ്‌ഫോടനം. 12 പേരാണ് ഈ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
തുടര്‍ന്ന് പോട്ട ( (POTA -prevention of terrorism act) നിയമത്തിന് കീഴില്‍ 13 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ബഷീറിന് ഈ സ്‌ഫോടനത്തില്‍ മുഖ്യ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2016 ഏപ്രിലില്‍ കേസില്‍ പ്രതികളായ 13 പേരില്‍ 10 പേരെയും മുംബൈ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു.