Monday
22 December 2025
19.8 C
Kerala
HomeKeralaസ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണിമുകുന്ദന് ആശ്വാസം

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണിമുകുന്ദന് ആശ്വാസം

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണിമുകുന്ദന് ആശ്വാസം. കേസിൽ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹർജിയിലാണ് നടപടി. കേസ് റദ്ദാക്കണമെന്ന ആവശ്യം നേരത്തെ കീഴ്ക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

2017 ഓഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം. തിരക്കഥാ രചനയുടെ കോഴ്‌സ് പൂർത്തിയാക്കിയ വ്യക്തിയാണ് പരാതിക്കാരി. സംഭവ ദിവസം ഒരു സിനിമയുടെ കഥ പറയാൻ മുൻകൂർ അനുവാദം വാങ്ങി ഉണ്ണി മുകുന്ദന്റെ ഫ്‌ളാറ്റിൽ പരാതിക്കാരി എത്തി. എന്നാൽ കഥ കേൾക്കാൻ ഉണ്ണി മുകുന്ദൻ താത്പര്യം പ്രകടിപ്പിച്ചില്ല. ഒടുവിൽ തിരക്കഥ കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഫ്‌ളാറ്റിൽ നിന്ന് പുറത്തേക്കിറങ്ങാൻ തുനിഞ്ഞ യുവതിയെ ഉണ്ണിമുകുന്ദൻ ബലമായി കയറിപിടിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. യുവതി എതിർക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ ഉണ്ണി മുകുന്ദൻ അവരെ വിട്ടയക്കുകയായിരുന്നു. തുടർന്ന് 2017 സെപ്റ്റംബർ 15ന് യുവതി പൊലീസിൽ പരാതി നൽകി. 2018 സെപ്റ്റംബർ 7ന് യുവതി കോടതിയിൽ നേരിട്ട് മൊഴിയും നൽകി.

പരാതിക്കാരിക്കെതിരെ മറുപരാതി നൽകിയാണ് ഉണ്ണി മുകുന്ദൻ പ്രതിരോധം തീർത്തത്. തന്റെ തിരക്കഥ അംഗീകരിച്ചില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നതായിരുന്നു ഉണ്ണി മുകുന്ദന്റെ ആദ്യ ആരോപണം. യുവതിക്ക് 25 ലക്ഷം രൂപ നൽകുകയോ, അല്ലെങ്കിൽ പരാതിക്കാരിയെ വിവാഹം കഴിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ അഭിഭാഷകൻ എന്നവകാശപ്പെടുന്ന വ്യക്തി തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഉണ്ണി മുകുന്ദൻ ആരോപിച്ചു. ഇത് സംബന്ധിച്ച് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ഈ കേസ് പിന്നീട് ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലേക്ക് മാറ്റി. ഇതിനിടെ തന്റെ പേരും ചിത്രങ്ങളും പുറത്തുവിട്ടുവെന്ന് കാണിച്ച് യുവതി മറ്റൊരു പരാതി കൂടി നൽകിയിട്ടുണ്ട്.

കേസ് 2021 ൽ ഒത്തുതീർപ്പായെന്നാണ് ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ ഒത്തുതീർപ്പാക്കിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്നാണ് പരാതിക്കാരി പറയുന്നത്. അതുകൊണ്ട് തന്നെ വിഷയത്തിൽ ഉണ്ണി മുകുന്ദനോടും അഭിഭാഷകനോടും വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES

Most Popular

Recent Comments