ആമസോണ്‍ കുട്ടികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ ബന്ധുക്കള്‍ക്കിടയില്‍ തര്‍ക്കം

0
62

കൊളംബിയയില്‍ ആമസോണ്‍ വനത്തില്‍ വിമാനം തകര്‍ന്നു കാണാതായി 40 ദിവസത്തിനുശേഷം കണ്ടെത്തിയ നാലു കുട്ടികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ ബന്ധുക്കള്‍ക്കിടയില്‍ തര്‍ക്കം.

നിബിഡ വനമേഖലയില്‍നിന്നു കൊളംബിയൻ സൈന്യം രക്ഷപ്പെടുത്തിയ ഒരുവയസ് മുതല്‍ 13 വയസ് വരെ പ്രായമുള്ള കുട്ടികള്‍ ആശുപത്രിയില്‍ തുടരുകയാണ്. ഏതാനുംദിവസംകൂടി കൂട്ടികള്‍ ആശുപത്രിയില്‍ കഴിയേണ്ടിവരും.

മേയ് ഒന്നിനുണ്ടായ അപകടത്തില്‍ കുട്ടികളുടെ അമ്മ മഗ്ദലീന മരണമടഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് കുട്ടികളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുന്നതിനെക്കുറിച്ച്‌ കൊളംബിയൻ ശിശുക്ഷേമ സമിതി ബന്ധുക്കളുമായി ആശയവിനിമയം നടത്തിയത്.

മഗ്ദലീന മക്കറ്റെയുടെ മാതാപിതാക്കളും കുട്ടികളുടെ അച്ഛൻ മാനുവല്‍ റോണോക്കും തമ്മിലുള്ള ഭിന്നതയാണ് പ്രശ്നം. മഗ്ദലിന മക്കറ്റെയും കുട്ടികളും ഗാര്‍ഹിക പീഡനം അനുഭവിച്ചിരുന്നോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് ശിശുക്ഷേമസമിതി വ്യക്തമാക്കി. മാനുവല്‍ റോണോക്ക് തന്‍റെ മകളെയും പേരക്കുട്ടികളെയും മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് മഗ്ദലിനയുടെ മാതാപിതാക്കള്‍ പരാതിപ്പെടുന്നു.

ഭാര്യയുമായി പലപ്പോഴും വാക്കുതര്‍ക്കം ഉണ്ടാകാറുണ്ടെന്നായിരുന്നു മാനുവല്‍ റോണോക്കിന്‍റെ പ്രതികരണം. മൂത്ത കുട്ടികളെ കാണാൻ തന്നെ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.