Monday
12 January 2026
31.8 C
Kerala
HomeWorldഅവസാന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോടും രാജ്യം വിട്ട് പോകണമെന്ന അന്ത്യശാസനവുമായി ചൈന

അവസാന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോടും രാജ്യം വിട്ട് പോകണമെന്ന അന്ത്യശാസനവുമായി ചൈന

അവസാന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോടും രാജ്യം വിട്ട് പോകണമെന്ന അന്ത്യശാസനവുമായി ചൈന. ഈ മാസം തന്നെ ഇന്ത്യൻ മാധ്യമപ്രവർത്തകരിൽ അവസാനത്തെയാളും രാജ്യം വിട്ടുപോകണമെന്നാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ വിഷയങ്ങളില്‍ ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് എത്രയുംവേഗം രാജ്യം വിട്ടുപോകാൻ ചൈന നിര്‍ദേശം നല്‍കിയത്. ബ്ലൂംബെർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ചൈനയിലെ പിടിഐ റിപ്പോര്‍ട്ടറോടാണ് രാജ്യം വിടണമെന്നു ചൈനീസ് അധികൃതര്‍ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. ചൈനയിൽനിന്ന് പിടിഐ റിപ്പോര്‍ട്ടര്‍ തിരിച്ചു വരുന്നതോടെ, ചൈനയില്‍ ഇന്ത്യയുടെ മാധ്യമ സാന്നിധ്യം പൂര്‍ണമായും ഇല്ലാതാകും.

വാൾസ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് പ്രകാരം ഈ വര്‍ഷം ജനുവരിയിൽ ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങളിൽനിന്നുള്ള നാലു മാധ്യമ പ്രവര്‍ത്തകര്‍ ചൈനയിലുണ്ടായിരുന്നു. എന്നാൽ പ്രസാർ ഭാരതിയിലെയും ദി ഹിന്ദു ദിനപത്രത്തിലെയും രണ്ട് മാധ്യമപ്രവർത്തകർക്ക് ചൈനയിലേക്ക് തിരികെയെത്താൻ വിസ അനുവദിച്ചില്ല, അതേസമയം ഹിന്ദുസ്ഥാൻ ടൈംസിൽനിന്നുള്ള മൂന്നാമന്‍റെ അക്രഡിറ്റേഷൻ റദ്ദാക്കിയതായി മെയ് മാസത്തിൽ അറിയിച്ചു.

ചൈനയിൽനിന്നുള്ള മാധ്യമപ്രവർത്തകരോട് ഇന്ത്യ “അന്യായവും വിവേചനപരവുമായ പെരുമാറ്റം” കാണിക്കുന്നുവെന്ന് ചൈന ആരോപിച്ചു, കൂടാതെ രാജ്യത്ത് അവശേഷിക്കുന്ന രണ്ട് ചൈനീസ് സ്റ്റേറ്റ് മീഡിയ ജേണലിസ്റ്റുകൾക്ക് വിസ പുതുക്കാൻ ഇന്ത്യ വിസമ്മതിച്ചതായും റിപ്പോർട്ടുണ്ട്. ഇതിനുള്ള പ്രതികാര നടപടിയായാണ് ഇന്ത്യൻ മാധ്യമപ്രവർത്തകരോട് രാജ്യംവിട്ടുപോകാൻ ചൈന ആവശ്യപ്പെടുന്നതെന്നാണ് സൂചന.

ഇന്ത്യയിൽ ഒരു ചൈനീസ് പത്രപ്രവർത്തകൻ അവശേഷിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞിരുന്നു. ചൈനയുടെ വിദേശകാര്യ മന്ത്രാലയമോ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയമോ ഈ റിപ്പോർട്ടുകളോട് പ്രതികരിച്ചിട്ടില്ല. ചൈനയിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള വിദേശ മാധ്യമപ്രവർത്തകർ ഒരു തടസവുമില്ലാതെ ഇന്ത്യയിൽ പത്രപ്രവർത്തനം നടത്തുന്നുണ്ടെന്ന് ഈ മാസം ആദ്യം വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

അതേസമയം ഇന്ത്യൻ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കുന്നതിനെപ്പറ്റി പ്രതികരിക്കാന്‍ ചൈനയുടെ വിദേശകാര്യ മന്ത്രാലയം തയാറായില്ല. നേരത്തേ, സിന്‍ഹുവ ന്യൂസ് ഏജന്‍സി, ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ എന്നിവയിലെ രണ്ടു ജേണലിസ്റ്റുകളുടെ വിസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments