Tuesday
30 December 2025
27.8 C
Kerala
HomeIndiaയുപിയിൽ 15കാരി കൊല്ലപ്പെട്ടു; മൃതദേഹം കണ്ണുകൾ ചൂഴ്ന്നെടുത്ത്, കൈപ്പത്തിയിൽ ഇരുമ്പ് ആണികൾ തറച്ച നിലയിൽ

യുപിയിൽ 15കാരി കൊല്ലപ്പെട്ടു; മൃതദേഹം കണ്ണുകൾ ചൂഴ്ന്നെടുത്ത്, കൈപ്പത്തിയിൽ ഇരുമ്പ് ആണികൾ തറച്ച നിലയിൽ

ഉത്തർപ്രദേശിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ. കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലും, കൈപ്പത്തിയിൽ ഇരുമ്പ് ആണികൾ തറച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. 15 കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം.

ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് ഹൃദയഭേദകമായ സംഭവം. ശനിയാഴ്ച രാവിലെ ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ നിന്നുമാണ് 15 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. അർദ്ധ നഗ്നമായ നിലയിലായിരുന്നു മൃതദേഹം. കൂടാതെ കണ്ണുകൾ ചൂഴ്ന്നെടുക്കുകയും കൈപ്പത്തിയിൽ ഇരുമ്പ് ആണികൾ തറക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് തുണ്ട്ല പൊലീസ് സ്ഥലത്തെത്തി.

അന്വേഷണത്തിൽ വെള്ളിയാഴ്ച ഉച്ച മുതൽ ഗ്രാമത്തിൽ നിന്ന് കാണാതായ പത്താം വിദ്യാർത്ഥിയുടെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞു. കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന് തുണ്ട്ല സ്റ്റേഷന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനം ഏറെക്കുറെ കുറ്റകൃത്യങ്ങളിൽ നിന്ന് മുക്തമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾക്കിടയിലാണ് ഫിറോസാബാദ് ജില്ലയിൽ നിന്നുള്ള ഈ സംഭവം.

RELATED ARTICLES

Most Popular

Recent Comments