ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിന് ന്യൂയോർക്കിൽ തുടക്കം. അമേരിക്കൻ മേഖലാ സമ്മേളനത്തെ സർക്കാർ പ്രാധാന്യത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമ്മേളനത്തിലെ നിർദേശങ്ങൾ നടപ്പിലാക്കാൻ സംവിധാനം ഒരുക്കി.
‘പ്രവാസ ജീവിതത്തിന്റെ പലതലങ്ങളിലുള്ളവരാണ് വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുള്ള മലയാളികൾ. ആ നിലയിൽ കേരളീയരുള്ള ലോകത്തെ സവിശേഷമായ വിഷയങ്ങളാണ് അമേരിക്കൻ മലയാളികൾ അഭിമുഖീകരിക്കുന്നത്. വളരെ പ്രാധാന്യത്തോടെയാണ് അമേരിക്കൻ മേഖലാ സമ്മേളനത്തെ കേരള സർക്കാരും ലോക കേരള സഭയും നോർക്കയുമെല്ലാം നോക്കിക്കാണുന്നത്.
ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ശേഷമാണ് ഈ മേഖലാ സമ്മളനം. 62 വിദേശ രാജ്യങ്ങളിൽ നിന്നും 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ കഴിഞ്ഞ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. 648 ശുപാർശകളാണ് സമ്മേളനത്തിൽ ഉയർന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അവ അവലോകനം ചെയ്യുകയും പ്രായോഗികതയുടെ അടിസ്ഥാനത്തിൽ അവയുടെ എണ്ണം 67 ആക്കി ചുരുക്കുകയും ചെയ്തു. 11 വിഷയങ്ങൾ കേന്ദ്രത്തിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചു. ബാക്കി 56 ശുപാർശകൾ അതത് വകുപ്പുകളുടെ പരിഗണനയിലാണ്.
പ്രവാസികൾക്കായുള്ള വിവിധ പദ്ധതികളും പ്രവാസികൾ മുന്നോട്ടുവച്ച നിർദേശങ്ങളുടെ പുരോഗതിയും മുഖ്യമന്ത്രി മേഖലാ സമ്മേളനത്തിൽ വിശദീകരിച്ചു. ലോകകേരളസഭ സെക്രട്ടറിയേറ്റ് ഒരു ഇംപ്ലിമെന്റേഷൻ ഏജൻസി അല്ല.അതുകൊണ്ട് തന്നെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ശുപാർശകൾ കൈകാര്യം ചെയ്തു വരുന്നത്. ലോകകേരള സഭയുടെയും മേഖല സമ്മേളനങ്ങളുടെയും വിവിധ ശുപാർശകൾ ബന്ധപ്പെട്ട വകുപ്പുകളുടെ മേൽനോട്ടത്തിൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി അതാത് വകുപ്പുകളിൽ സെക്രട്ടറി ഡെപ്യൂട്ടി അണ്ടർ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്.ആ നിലക്ക് സമ്മേളനങ്ങൾ ഉയർന്നുവരുന്ന കൃത്യമായി നടപ്പിലാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
രണ്ടാം ലോകകേരളസഭ മുതൽ തുടർച്ചയായി ഉന്നയിക്കപ്പെട്ട വിഷയമായിരുന്നു റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പ്രവാസികൾക്ക് ഉള്ള പരാതികൾ പരിഹരിക്കാനുള്ള ഓൺലൈൻ സംവിധാനം. പ്രധാനമായും അമേരിക്കയിൽ നിന്നുള്ള പ്രതിനിധികളായിരുന്നു ഇത് ഉന്നയിച്ചത്. ഇക്കഴിഞ്ഞ മെയ് പതിനേഴിന് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവാസികളുടെ റവന്യൂ പരാതികൾ സ്വീകരിക്കാൻ പ്രവാസി മിത്രം എന്ന പേരിൽ ഒരു പോർട്ടൽ ആരംഭിച്ചിട്ടുണ്ട് . രണ്ടാം ലോകകേരള സഭയിൽ ഉയർന്നുവന്ന മറ്റൊരു നിർദ്ദേശമാണ് നാട്ടിൽ തിരികെ എത്തുന്നവ പ്രവാസികൾക്കായുള്ള എപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച്.അതും സജ്ജമാണ് . വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കും നിലവിൽ വിദേശത്തുള്ളവർക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
മൂന്നാം ലോകകേരള സഭയിൽ ഉയർന്ന ഏറ്റവും പ്രധാന നിർദ്ദേശങ്ങളിലൊന്ന് പ്രവാസികളുടെ വിവര ശേഖരണത്തിനായി ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപീകരിക്കുക എന്നത്. കേരളത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് നോർക്ക റൂൾസ് നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ലോകകേരള സഭയിൽ ഉയർന്നുവന്ന പ്രവാസികൾക്കായുള്ള സമഗ്ര ഇൻഷുറൻസ് സംവിധാനം അവസാനഘട്ടത്തിലാണ്. പ്രവാസികൾ സമർപ്പിച്ച നിർദ്ദേശങ്ങളെല്ലാം സർക്കാർ നടപ്പാക്കുകയാണ് .
കേരളത്തിനകത്തും പുറത്തുമുള്ള മുഴുവൻ കേരളീയരുടെയും കൂട്ടായ്മയും പുരോഗതിയും ഉറപ്പുവരുത്താനുള്ള നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.