ലഹരി വിൽപന ചോദ്യം ചെയ്തു; ഗൃഹനാഥനെയും കുടുംബത്തെയും വീട്ടിൽ കയറി ആക്രമിച്ചു

0
42

ലഹരി വിൽപന നടത്തുന്നത് ചോദ്യം ചെയ്തതിന് ഗൃഹനാഥനെയും കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ പോലീസ് പിടിയിൽ. പാറശ്ശാല പരശുവയ്ക്കൽ സ്വദേശി അജിയെയും കുടുംബത്തെയുമാണ് കഞ്ചാവ് മാഫിയ സംഘത്തിൽ പെട്ട മൂന്ന് പേർ ചേർന്ന് ആക്രമിച്ചത്. തുടർന്ന് കേസിൽ രണ്ടും മൂന്നും പ്രതികളായ അനീഷ് അബിൻ എന്നിവർ ഒളിവിൽ പോകുകയായിരുന്നു.

ആറ് മാസങ്ങൾക്ക് ശേഷമാണ് പോലീസ് പ്രതികളെ എറണാകുളത്ത് വെച്ച് പിടികൂടുന്നത്. ഒന്നാം പ്രതിയായ മിഥുനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. എറണാകുളത്ത് പെൺസുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് പാറശ്ശാല പോലീസ് ഇരുവരെയും പിടികൂടിയത്. അബിനും അനീഷ് മാസങ്ങളായി ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം അബിന്റെ പെൺസുഹൃത്തിനെ കാണാനായി എറണാകുളത്ത് രണ്ടു പ്രതികളും എത്തിയത്.

അജിയുടെ ചെവിക്ക് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു കഞ്ചാവ് മാഫിയ സംഘത്തിൽ പെട്ട ഇവർ. ഇത് തടഞ്ഞ് ഭാര്യയെയും ഒമ്പത് വയസുള്ള മകളെയും ഇവർ ഉപദ്രവിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ അജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു.

അജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുവെച്ച് ഇവർ ലഹരിമരുന്ന് വിൽപനയും ഉപയോഗവും സംഘടിപ്പിച്ചിരുന്നു. ഇത് ചോദ്യംചെയ്തതിലുള്ള വൈരാഗ്യത്തിലാണ് വീട്ടിൽ കയറി മൂന്നാംഗ സംഘം അജിയെയും കുടുംബത്തെ ആക്രമിച്ചത്. പാറശ്ശാല സി.ഐ ആസാദ് അബദുൽ കലാം, നേതൃത്യത്തിൽ എസ്.ഐ സജികുമാറും സംഘവുമാണ് പ്രതികളെ വലയിലാക്കിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.