മുംബൈ നഗരത്തെ ഞെട്ടിച്ച മിരാ റോഡ് കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി 56കാരനായ പ്രതി മനോജ് രമേഷ് സാനെ. ഒപ്പം താമസിച്ചിരുന്ന സരസ്വതി വൈദ്യ എന്ന യുവതിയെയാണ് ഇയാൾ വെട്ടിനുറുക്കി കഷണങ്ങളാക്കി കുക്കറിൽ വേവിച്ചത്. എച്ച്‌ഐവി പോസിറ്റീവാണ് മനോജ് സാനെ. ഇയാൾ സരസ്വതി വൈദ്യയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിരുന്നില്ലെന്നാണ് മൊഴി നൽകിയിരിക്കുന്നത്. സരസ്വതി തനിക്ക് മകളെപ്പോലെയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
”ചോദ്യം ചെയ്യലിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ താൻ എച്ച്‌ഐവി പോസിറ്റീവാണെന്ന കാര്യം പ്രതി പറഞ്ഞിരുന്നു. 2008ലാണ് രോഗം സ്ഥിരീകരിച്ചത്. അതിന് ശേഷം ചികിത്സയിലായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഇയാൾക്കൊരു അപകടം സംഭവിച്ചിരുന്നു. അതിനെത്തുടർന്ന് നടത്തിയ ചികിത്സയിൽ തനിക്ക് രക്തം സ്വീകരിക്കേണ്ടി വന്നെന്നും. ഒരുപക്ഷെ എച്ച്‌ഐവി പോസിറ്റീവായ രക്തമായിരിക്കാം അന്ന് സ്വീകരിക്കേണ്ടി വന്നിട്ടുണ്ടാകുക. അതിൽ നിന്നാണ് തനിക്ക് രോഗം പിടിപെട്ടതെന്നാണ് ഇയാൾ ഇപ്പോഴും വിശ്വസിക്കുന്നതെന്നും,” പൊലീസ് പറഞ്ഞു.
അതേസമയം സരസ്വതി വൈദ്യ വളരെ പൊസസീവായ ആളായിരുന്നുവെന്നും മനോജ് പോലീസിനോട് പറഞ്ഞു. താൻ അവളെ ചതിക്കുമെന്ന തോന്നൽ അവൾക്കുണ്ടായിരുന്നു. വീട്ടിലേക്ക് വൈകിയെത്തുമ്പോഴൊക്കെ സംശയത്തോടെയാണ് തന്നെ കണ്ടിരുന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
32കാരിയായ സരസ്വതി പത്താം ക്ലാസ്സ് എസ് എസ് സി പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. അവരെ കണക്ക് പഠിപ്പിച്ചത് മനോജ് സാനെ ആയിരുന്നു. കൊലപാതകം നടന്ന ഫ്ലാറ്റിൽ നിന്ന് മാത്ത്‌സ് ഫോർമുലകൾ എഴുതിയ ഒരു ബോർഡ് പൊലീസ് കണ്ടെത്തിയെന്ന് ഇന്ത്യൻ എക്‌സ്പ്രസ്സ് റിപ്പോർട്ടിൽ പറയുന്നു.
മുമ്പ് ഒരു റേഷൻ കടയിലാണ് മനോജ് സാനെ ജോലി ചെയ്തിരുന്നത്. അവിടെ വെച്ചാണ് ഇയാൾ സരസ്വതി വൈദ്യയുമായി പരിചയത്തിലാകുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് മനോജ് സാനെയിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ മറ്റ് ജോലികളൊന്നും ലഭിക്കാത്തിനെത്തുടർന്നാണ് ഇയാൾ റേഷൻ കടയിൽ ജോലിയ്ക്ക് കയറിയത്. ഏകദേശം 10 വർഷമായി ഈ ജോലി ചെയ്യാൻ തുടങ്ങിയിട്ട്.
സരസ്വതി ആത്മഹത്യ ചെയ്തതാണെന്ന് പ്രതി
സരസ്വതി വൈദ്യ ആത്മഹത്യ ചെയ്തതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഗീതാ നഗറിലെ തങ്ങളുടെ ഫ്ലാറ്റിൽ സരസ്വതി വൈദ്യ ബോധമില്ലാതെ കിടക്കുന്നത് കണ്ടുവെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ജൂൺ മൂന്നിനായിരുന്നു ഇത്. ” പ്രതി സരസ്വതി വൈദ്യയുടെ ഹൃദയമിടിപ്പ് പരിശോധിച്ചു. അവൾ മരിച്ചുവെന്ന് പ്രതിയ്ക്ക് മനസ്സിലായി. തനിക്കെതിരെ കേസ് വരുമെന്ന് കരുതി ഇയാൾ മൃതദേഹം ഒളിപ്പിച്ചു,” എന്നാണ് പ്രതി പറഞ്ഞതെന്ന് മുതിർന്ന പോലിസുദ്യോഗസ്ഥൻ പറഞ്ഞു.
സരസ്വതിയുടെ ശരീരഭാഗങ്ങൾ മുഴുവൻ കണ്ടെത്തിയോ?
സരസ്വതി വൈദ്യയുടെ മൃതദേഹം പ്രതി കഷണങ്ങളായി മുറിച്ചിരുന്നു. മരം വെട്ടാനുപയോഗിക്കുന്ന കട്ടർ ഉപയോഗിച്ചാണ് മൃതദേഹം വെട്ടിനുറുക്കിയത്. ശേഷം ഇയാൾ ശരീരഭാഗങ്ങൾ പ്രഷർ കുക്കറിലിട്ട് വേവിച്ചു. മൃതദേഹം പെട്ടെന്ന് നശിപ്പിക്കാനായിരുന്നു ഇത്. വ്യാഴാഴ്ചയാണ് ഫ്‌ളാറ്റിലെ അടുക്കളയുടെ ഭാഗത്ത് രക്തം നിറഞ്ഞ മൂന്ന് ബക്കറ്റ് പൊലീസ് കണ്ടെത്തിയത്. മൃതദേഹത്തിന്റെ ചില ശരീര ഭാഗങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുക്കളയിൽ നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
സരസ്വതിയുടെ ശരീരത്തിന്റെ എതെല്ലാം ഭാഗങ്ങളാണ് ഇനിയും ലഭിക്കാനുള്ളത് എന്ന കാര്യത്തിൽ മെഡിക്കൽ വിദഗ്ധരുമായി പൊലീസ് ചർച്ച നടത്തി വരികയാണ്. അതേസമയം മനോജ് സാനെയെ താനെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇയാളെ ജൂൺ 16 വരെ റിമാൻഡ് ചെയ്‌തെന്നും പോലീസ് അറിയിച്ചു.
സരസ്വതി വൈദ്യ കൊലപാതകം: നാൾവഴികൾ
2014ൽ മുംബൈയിലെ ബോറിവലിയിലെ സ്റ്റോറിൽ വെച്ച് മനോജ് സാനെ സരസ്വതിയുമായി പരിചയത്തിലാകുന്നു.
2015ൽ സാനെയും സരസ്വതിയും മിര റോഡിനടുത്തുള്ള ഗീതാ ആകാഷ്ദീപ് സൊസൈറ്റിയിലെ ജി-വിംഗിൽ താമസത്തിനായെത്തുന്നു.
2017ൽ ഇവർ അപ്പാർട്ട്‌മെന്റിലെ ജെ-വിംഗിലുള്ള 704-ാം ഫ്‌ളാറ്റിലേക്ക് മാറുന്നു. ഏഴാമത്തൈ നിലയിലായിരുന്നു ഈ ഫ്ലാറ്റ്.
2023 ജൂൺ 4ന് മനോജ് സാനെ സരസ്വതിയെ കൊല്ലുന്നു. എന്നാൽ താൻ വീട്ടിലില്ലാത്ത നേരത്ത് സരസ്വതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
2023 ജൂൺ 5, സാനെ സരസ്വതിയുടെ ശരീരം വെട്ടിനുറുക്കി കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നു.
2023 ജൂൺ 7, ഫ്ലാറ്റുടമയുടെ പരാതിയെത്തുടർന്ന് പൊലീസ് സാനേയുടെ ഫ്ലാറ്റ് പരിശോധിക്കുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച സാനെയെ ഫ്ലാറ്റിലെ താമസക്കാരുടെ സഹായത്തോടെ പിടികൂടി.
2023 ജൂൺ 7, സാനെയെ ജൂൺ 16വരെ റിമാൻഡ് ചെയ്തു.