ന്യൂട്രാ സ്യൂട്ടിക്കൽസിനുള്ള മികവിന്റെ കേന്ദ്രം ലൈഫ് സയൻസ് പാർക്കിൽ വരുന്നു

0
61

പ്രത്യേക പോഷകഗുണമുള്ള ഭക്ഷ്യവസ്തുവായ ന്യൂട്രാ സ്യൂട്ടിക്കൽസുമായി ബന്ധപ്പെട്ട മികവിന്റെ കേന്ദ്രം തിരുവനന്തപുരം തോന്നയ്ക്കലിലുള്ള ലൈഫ് സയൻസ് പാർക്കിൽ സ്ഥാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം.

ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനെ കേന്ദ്രത്തിലെ റിസർച്ച് ആന്റ് ഇന്റസ്ട്രി ഇന്റർഫെയ്സ് ഡിവിഷന്റെ ചുമതല ഏൽപിക്കും. കെ.എസ്.ഐ.ഡി.സിക്കാണ് ന്യൂട്രാ എന്റർപ്രൈസസ് ഡിവിഷന്റെ ചുമതല. ലൈഫ് സയൻസ് പാർക്കിൽ ലഭ്യമായ 5 ഏക്കർ സ്ഥലം മികവിന്റെ കേന്ദ്രത്തിനായി മാറ്റിവെയ്ക്കും. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. റിസർച്ച് ആന്റ് ഇൻ്റസ്ട്രി ആന്റ് ഇന്റർഫെയ്സ് ഡിവിഷന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ​ഗവേഷണ വികസ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നതിന് ഇൻസ്റ്റിറ്റ്യൂട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ നിലവിലുള്ള കെട്ടിടത്തിൽ ആവശ്യമായ ലബോറട്ടറി സൗകര്യം ഒരുക്കും. സംസ്ഥാനത്ത് റിസർച്ച് ആന്റ് ഇന്റസ്ട്രി ഇന്റർഫെയ്സായി പ്രവർത്തിക്കാൻ സാധ്യതയുള്ള പങ്കാളികളുടെ പട്ടികയും തയ്യാറാക്കി വരുന്നുണ്ട്.

പ്രത്യേക പോഷക ​ഗുണമുള്ള ന്യൂട്രാ സ്യൂട്ടിക്കൽസ് ഭക്ഷണ വസ്തുക്കളേക്കാൾ ആരോ​ഗ്യഗുണമുള്ളവയാണ്. കുറഞ്ഞ പാർശ്വഫലങ്ങളും പ്രകൃതിജന്യ വസ്തുകളിൽ നിന്നുള്ള ഉൽഭവവും ഇവയെ കൂടുതൽ ആകർഷകവും സ്വീകാര്യവുമാക്കുന്നു. രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലും അലർജികൾ, അൽഷിമേഴ്സ്, ഹൃദ്രോ​ഗം, ക്യാൻസർ, പൊണ്ണത്തടി, പാർക്കിൻസൺസ്, നേത്രരോ​ഗം തുടങ്ങിയവയ്ക്കെതിരെയും ന്യൂട്രാ സ്യൂട്ടിക്കൽസ് ഉപയോ​ഗിക്കാമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇവയെ പഠിക്കുകയും മികച്ചവയെ വാണിജ്യവൽക്കരിക്കുകയും ചെയ്യുക എന്നതാണ് ന്യൂട്രാ സ്യൂട്ടിക്കൽസിനായുള്ള മിക​വിന്റെ കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്.

കാലാവസ്ഥ, അസംസ്കൃത വസ്തുക്കളുടെ ലഭ്യത, പരിശീലനം ലഭിച്ച വ്യക്തികളുടെ സാന്നിധ്യം എന്നിവ ന്യൂട്രാ സ്യൂട്ടിക്കൽസ് വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് കേരളത്തെ ഏറ്റവും അനുയോജ്യമായ സംസ്ഥാനമാക്കും. ആ​ഗോളതലത്തിൽ കേരളം ജൈവവൈവിധ്യ ഹോട്ട്സ്പോട്ട് ആയതിനാൽ മികച്ച വിദേശ നാണ്യവും തൊഴിൽ സാധ്യതയും സൃഷ്ടിക്കുന്നതിന് വ്യവസായത്തെ പരിപോഷിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

യോ​ഗത്തിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, സയൻസ് മെന്റർ എം.സി. ദത്തൻ, ശാസ്ത്ര സാങ്കേതിക കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ.പി. സുധീർ, രാജീവ് ​ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി റിട്ട. സയന്റിസ്റ്റ് ഡോ. റൂബി തുടങ്ങിയർ പങ്കെടുത്തു.