ജനകീയ ആരോഗ്യ കേന്ദ്രം തുണയായി; മുൻ പഞ്ചായത്ത് പ്രസിഡന്റിന് പുതുജീവിതം

0
100

എറണാകുളം രായമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റും ഇപ്പോഴത്തെ പതിമൂന്നാം വാർഡ് മെമ്പറും കോൺഗ്രസ് നേതാവുമായ ജോയ് പൂനേലിയ്ക്ക് (60) തുണയായിരിക്കുകയാണ് രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പുല്ലുവഴി ജനകീയ ആരോഗ്യ കേന്ദ്രം. സ്‌ട്രോക്ക് ബാധിച്ച ജോയി പൂനേലിയെ ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ സമയോചിതമായി പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു.

മാതൃകാപരമായ പ്രവർത്തനം നടത്തിയ പുല്ലുവഴി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈൻ യോഗത്തിൽ അഭിനന്ദിച്ചു. ഈ യോഗത്തിൽ പങ്കെടുത്ത ജോയ് പൂനേലി തനിക്ക് ജനകീയ ആരോഗ്യ കേന്ദ്രത്തിലൂടെ കിട്ടിയ സേവനങ്ങൾക്ക് നന്ദി പറഞ്ഞു. തനിക്ക് പൂർണ ആരോഗ്യവാനായി തിരിച്ചെത്താൻ കഴിഞ്ഞത് ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരുടെ സമയോചിതമായ ഇടപെടലിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ച മുമ്പ് ജനകീയ ആരോഗ്യ കേന്ദ്രത്തിലെത്തിയ ജോയി പൂനേലിയ്ക്ക് ക്ഷീണം അനുഭവപ്പെട്ടു. ഉടൻ തന്നെ എംഎൽഎസ്പി നഴ്‌സ് ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ അദ്ദേഹത്തെ പരിശോധിച്ചു. രക്തസമ്മർദവും, പ്രമേഹവും ഉയർന്ന നിലയിലായിരുന്നു. ഇടത് ഭാഗത്ത് തളർച്ചയും സംസാരത്തിൽ കുഴച്ചിലുമുണ്ടായിരുന്നു. സ്‌ട്രോക്കിന്റെ ലക്ഷണമാണെന്ന് മനസിലാക്കി ജോയി പൂനേലിയെ ഉടൻ തന്നെ സ്‌ട്രോക്ക് ചികിത്സയ്ക്ക് സൗകര്യമുള്ള ആശുപത്രിയിലെത്തിച്ചു.

സ്‌ട്രോക്കിന് സമയബന്ധിതമായ ചികിത്സ അത്യാവശ്യമാണ്. ഗോൾഡൻ അവറിനുള്ളിൽ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോൾ മരണം തന്നെയും ഉണ്ടാകും.

ഇതുകൂടാതെ ദീർഘകാലമായി ശ്വാസംമുട്ടലോടെ ഓക്‌സിജൻ സഹായത്തോടെ കഴിഞ്ഞ കിടപ്പ് രോഗിയ്ക്കും പുല്ലുവഴി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ തുണയായി. ഇ സഞ്ജീവനി വഴി ഡോക്ടറുടെ ഉപദേശത്തോടെ ആവശ്യമായ കുത്തിവയ്പ്പ് നടത്തിയും മാതൃകയായി.

ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ നാട്ടിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നത്. സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷ താഴെത്തട്ടിൽ വരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അടുത്തിടെ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിച്ചത്. ഫീൽഡ് തലത്തിൽ രോഗപ്രതിരോധം മുതൽ സാന്ത്വന പരിചരണം വരെ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി നടത്തി വരുന്നത്.