സിബിൽ സ്കോർ കുറവാണെന്ന പേരിൽ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്ന് ബാങ്കുകളോട് ഹൈക്കോടതി

0
60

സിബിൽ സ്കോർ കുറവാണെന്ന പേരിൽ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്ന് ബാങ്കുകളോട് ഹൈക്കോടതി. വിദ്യാഭ്യാസ വായ്‌പകൾ അനുവദിക്കുന്നതിൽ ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം, വിദ്യാർഥികൾ നാളെ ഈ നാടിനെ നയിക്കേണ്ടവരാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ വ്യക്തമാക്കി.

അച്ഛൻറെ സിബിൽ സ്കോർ കുറവാണെന്ന പേരിൽ ബാങ്ക് അധികൃതർ വിദ്യാഭ്യാസ വായ്പ നിഷേധിച്ചത് ചോദ്യം ചെയ്ത് ഭോപ്പാലിൽ എൻജിനീയറിങ് വിദ്യാർഥിയായ ആലുവ സ്വദേശി നോയൽ പോൾ ഫ്രഡ്‌ഡിറിക് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ഹർജിക്കാരൻറെ പിതാവിൻറെ പേരിലുണ്ടായിരുന്ന രണ്ട് വായ്പകളിലൊന്ന് എഴുതിത്തള്ളുകയും മറ്റൊന്നിൽ 16,667 രൂപ കുടിശ്ശികയുമുണ്ടായിരുന്നതിനെ തുടർന്നാണ് ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതെന്ന് ഹർജിയിൽ പറയുന്നു.

ഹർജിക്കാരന് വിദേശ കമ്പനി ജോലി വാഗ്‌ദാനം ചെയ്തിട്ടുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വിശദീകരിച്ചു. തുടർന്ന് വിദ്യാഭ്യാസ വായ്‌‌പയായി ഹർജിക്കാരന് 4.07 ലക്ഷം രൂപ നൽകാൻ എസ്‍‌ബിഐക്ക് കോടതി നിർദേശം നൽകി.