കെഎസിവി കളരി അക്കാദമി പൂർണ്ണതയോടെ കളരി അഭ്യസിക്കാൻ തെക്കൻ കേരളീയർക്കു കൈവന്ന അവസരം: വി. എൻ. വാസവൻ

0
62

കലയും ആയോധനവും സ്വയം പ്രതിരോധവും മാനസിക ശാരീരികവികാസവും സമന്വയിക്കുന്ന കളരി ശാസ്ത്രീയമായി അഭ്യസിക്കാൻ തെക്കൻ കേരളത്തിലുള്ളവർക്കു കൈവന്നിരിക്കുന്ന മികച്ച സൗകര്യമാണ് കെഎസിവി കളരി അക്കാദമിയെന്ന് സഹകരണമന്ത്രി വി. എൻ. വാസവൻ പറഞ്ഞു. കേരള ടൂറിസം വകുപ്പിനുകീഴിൽ തിരുവനന്തപുരം വെള്ളാറിൽ പ്രവർത്തിക്കുന്ന കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ സ്ഥാപിച്ച ‘കെ‌എസിവി കളരി അക്കാദമി’യുടെ ഉദ്ഘാടനം നിർവ്വഹിക്കുക ആയിരുന്നു അദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കുന്ന ഊരാളുങ്കൽ ലേബർ കോപ്പറേറ്റീവ് സൊസൈറ്റിയാണ് ഇതു തുടങ്ങിയിരിക്കുന്നത് എന്നതിനാൽ ഇത് ഉന്നതിയിലേക്കു പുരോഗമിക്കുമെന്ന് ഉറപ്പാണ്. കളരിപാരമ്പര്യത്തിലെ വീരാംഗനയായ ഉണ്ണിയാർച്ചയുടെ പിന്മുറക്കാരിയായ പദ്മശ്രീ മീനാക്ഷിയമ്മയാണ് അക്കാദമിയുടെ മേധാവി എന്നത് കൂടുതൽ പെൺകുട്ടിലെ ഈ രംഗത്തേക്ക് ആകർഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം ഡയറക്റ്റർ പി. ബി. നൂഹിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കേരളകലാമണ്ഡലം ചാൻസെലർ മല്ലിക സാരാഭായി കളരി അക്കാദമിയുടെ വെബ്‌സൈറ്റും വൈസ് ചാൻസെലർ ഡോ. എം. വി. നാരായണൻ തീം വീഡിയോയും പ്രകാശനം ചെയ്തു.

കേരള കലാമണ്ഡലവും സ്വന്തം നേതൃത്വത്തിൽ അഹമ്മദബാദിലുള്ള ദർപ്പണയും കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജുമായി സഹകരിക്കാനുള്ള സാദ്ധ്യതകൾ ഗൗരവമായി ആലോചിച്ചു വരികയാണെന്ന് മുഖ്യപ്രഭാഷണം ചെയ്ത കേരള കലാമണ്ഡലം ചാൻസെലർ മല്ലിക സാരാഭായി പറഞ്ഞു. കലയെയും കളരിയെയും കരകൗശലത്തെയും പ്രോത്സാഹിപ്പിക്കാൻ ഒരു തൊഴിലാളിസംഘം മുന്നോട്ടുവന്നതിനെയും കരകൗശലമേഖലയെ സംരക്ഷിക്കാനും തൊഴിൽ സൃഷ്ടിക്കാനും ഇത്തരത്തിലൊരു സംരംഭം വിഭാവനം ചെയ്ത ടൂറിസം വകുപ്പിൻ്റെ ദർശനത്തെയും അവർ അഭിനന്ദിച്ചു.

കളരിയോധാക്കൾ ആയിരുന്നു ആദ്യത്തെ കഥകളിനടന്മാരെന്നും അവിടെ തുടങ്ങിയ ആ പരസ്പരബന്ധം കഥകളിയുടെ അനുഷ്ഠാനങ്ങളിൽ കാണാമെന്നും ചൂണ്ടിക്കാട്ടിയ കലാനിരൂപകൻ കൂടിയായ എം. വി. നാരായണൻ ആ ബന്ധം കലാമണ്ഡലവും ക്രാഫ്റ്റ് വില്ലേജും തമ്മിൽ വളർത്തിയെടുക്കുമെന്ന് അഭിപ്രായപ്പെട്ടു.

പദ്മശ്രീജേത്രിയായ കളരിവിദഗ്ദ്ധയും കെ‌എസിവി കളരി അക്കാദമി മേധാവിയുമായ മീനാക്ഷിയമ്മ, ചലച്ചിത്രതാരങ്ങളായ അനാർക്കലി മരിക്കാർ, റോഷൻ മാത്യു, കൂടിയാട്ടം കലാകാരി കപില വേണു എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ആർ. എസ്. ശ്രീകുമാർ, വാർഡ് അംഗം വി. എസ്. അഷ്ടപാലൻ, സ്റ്റേറ്റ് റെസ്പോൺസിബിൾ ടൂറിസം മിഷൻ കോർഡിനേറ്റർ കെ. രൂപേഷ് കുമാർ, കെറ്റി‌എം സൊസൈറ്റി പ്രസിഡൻ്റ് ബേബി മാത്യൂ സോമതീരം, ഡിറ്റിപിസി സെക്രട്ടറി ഷാരോൺ വീട്ടിൽ, ട്രാവെൽ പ്ലാനേഴ്സ് സി‌ഇ‌ഒ പി. കെ. ബി. അനീഷ് കുമാർ, സൊസൈറ്റി എംഡി എസ്. ഷാജു, ക്രാഫ്റ്റ്സ് വില്ലേജ് സി‌ഒ‌ഒ റ്റി. യു. ശ്രീപ്രസാദ് എന്നിവർ ആശംസ നേർന്നു. കെ‌എസിവി കളരി അക്കാദമിയുടെ സങ്കല്പനം ഡോ. സന്ദേശ് ഇ. പി. എ. അവതരിപ്പിച്ചു. ടൂറിസം വകുപ്പിനുവേണ്ടി കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജും കളരി അക്കാദമിയും നിർമ്മിച്ചു നടത്തുന്ന ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഉപഹാരങ്ങൾ എംഡി അതിഥികൾക്കു സമ്മാനിച്ചു.

തുടർന്ന് മീനാക്ഷിയമ്മയുടെ നേതൃത്വത്തിൽ കളരിയഭ്യാസപ്രകടനങ്ങൾ നടന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് കേരളീയകലകൾ അവതരിപ്പിച്ച ‘ആട്ടച്ചുവട്’ എന്ന 14 ദിവസത്തെ ചലനകലാമേളയും സംഘടിപ്പിച്ചിരുന്നു. തെയ്യം, പടയണി, മുടിയേറ്റ്, പരിചമുട്ടുകളി, പൂരക്കളി, വേലകളി, നായാടിക്കളി, പൂതനും തിറയും, കോൽക്കളി, കഥകളി, നങ്ങ്യാർകൂത്ത്, മർഗ്ഗംകളി, ചവിട്ടുനാടകം, കോൺ‌ടെമ്പററി ഡാൻസ് തുടങ്ങിയവയാണ് അവതരിപ്പിച്ചത്.