യുപിഐയുമായി കൈകോർക്കാൻ താൽപര്യമറിയിച്ച് ജപ്പാനും

0
103

ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യുണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ് അഥവാ യുപിഐയുമായി കൈകോർക്കാൻ താൽപര്യമറിയിച്ച് ജപ്പാനും. ഇതിനോടകം തന്നെ നിരവധി രാജ്യങ്ങൾ യുപിഐ ഉപയോഗിക്കാനുള്ള താൽപര്യവുമായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. വിവധ രാജ്യങ്ങളുമായി ഈ വിഷയത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ജപ്പാനും യുപിഐയിൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.

ഡൽഹി സന്ദർശനത്തിനിടെ രാജ്യത്തെ വ്യാപകമായ യുപിഐ ഉപയോഗം കണ്ട് ആശ്ചര്യപ്പെട്ട ജാപ്പനീസ് മന്ത്രിയാണ് ജപ്പാൻ സർക്കാരിന്റെ ശ്രദ്ധ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഈ മാസമാദ്യമാണ് ജപ്പാൻ യുപിഐ സംവിധാനത്തിൽ പങ്കുചേരാൻ താൽപര്യം പ്രകടിപ്പിച്ചത്. ജാപ്പനീസ് ഡിജിറ്റൽ വകുപ്പ് മന്ത്രി കോനാ താരോ അടുത്തിടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തിയിരുന്നു. ഇന്ത്യയിൽ യുപിഐയുടെ ഉപയോഗം എത്രത്തോളം വ്യാപകമായിക്കഴിഞ്ഞിരിക്കുന്നുവെന്ന് സ്വയം പരിശോധിച്ചു മനസ്സിലാക്കാൻ ചില മുതിർന്ന മന്ത്രിമാർ അദ്ദേഹത്തെ ഉപദേശിക്കുകയായിരുന്നുവെന്ന് ഉന്നത തല സർക്കാർ ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു.

‘ഇന്ത്യയിലെ ജനങ്ങൾ യുപിഐ ഉപയോഗിക്കുന്ന രീതി നേരിട്ട് കണ്ട് മനസ്സിലാക്കാൻ ജപ്പാൻ മന്ത്രി കോനാ താരോ ശ്രമിച്ചിരുന്നു. അതിനായി അദ്ദേഹം ഡൽഹിയിലെ ഖാൻ മാർക്കറ്റിലുള്ള ഒരു ചെറിയ ചായക്കട സന്ദർശിച്ചിരുന്നു. അത്ര ചെറിയൊരു കടയിലും ഉപഭോക്താക്കൾ ക്യൂ ആർ കോഡ് ഉപയോഗിച്ച് സ്‌കാൻ ചെയ്താണ് ഓൺലൈനായി പണം നൽകുന്നതെന്ന് കണ്ട മന്ത്രി അമ്പരന്നു പോയി. ജപ്പാനിൽ തിരിച്ചെത്തിയ അദ്ദേഹം, ഉന്നത തല യോഗം വിളിച്ചുകൂട്ടി യുപിഐ ഉപയോഗത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു.’ ഉദ്യോഗസ്ഥൻ പറയുന്നു.

നാൽപ്പതോളം രാജ്യങ്ങളാണ് യുപിഐ ഉപയോഗത്തിന്റെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ത്യയെ സമീപിച്ചിട്ടുള്ളതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇന്ത്യയുമായി കൈകോർത്തു കൊണ്ട് ഡിജിറ്റൽ പേയ്‌മെന്റ് സാധ്യതകൾ സൂക്ഷ്മമായി പരിശോധിക്കാനാണ് ഈ രാജ്യങ്ങളുടെ ശ്രമം. ജപ്പാനു പുറമേ ഭൂട്ടാൻ, മലേഷ്യ, യുഎഇ, നേപ്പാൾ, ഫ്രാൻസ്, യുകെ, റഷ്യ, ഒമാൻ, ഖത്തർ, ഓസ്‌ട്രേലിയ, തായ്‌ലൻഡ്, സൗദി അറേബ്യ, സിങ്കപ്പൂർ, വിയറ്റ്‌നാം, കംബോഡിയ, ദക്ഷിണ കൊറിയ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളാണ് യുപിഐ സംവിധാനത്തിൽ താൽപര്യം അറിയിച്ചിരിക്കുന്നത്.

71,564 മില്യൺ യുപിഐ ഇടപാടുകളാണ് 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതൽ യുപിഐ ഇടപാടുകൾ നടത്തി റെക്കോർഡ് ഇട്ടിരിക്കുകയാണ് രാജ്യം. പുതിയ സാമ്പത്തിക വർഷത്തിലാകട്ടെ, ഇതിനോടകം തന്നെ 15,000 മില്യൺ ഇടപാടുകൾ കടന്നു കഴിഞ്ഞിരിക്കുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഏറ്റവുമധികം യുപിഐ ഇടപാടുകൾ രാജ്യത്ത് നടന്നത്. 8,863 ഇടപാടുകളാണ് ഒരു മാസത്തിനുള്ളിൽ നടന്നത്. ഈ ഒരു മാസക്കാലം രാജ്യത്ത് ആകെ യുപിഐ വഴി വിനിമയം ചെയ്യപ്പെട്ടതാകട്ടെ, 14,15,504 കോടി രൂപയും.

ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെയും പ്രവാസികളുടെയും സൗകര്യാർത്ഥം വിദേശത്തെ കച്ചവടകേന്ദ്രങ്ങളിലും ഇനിമുതൽ യുപിഐ സ്വീകരിക്കാനുള്ള നടപടികളും മുന്നോട്ടു നീങ്ങുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ, ഈ കണക്കുകളെയെല്ലാം തകർത്തെറിഞ്ഞുകൊണ്ട് രാജ്യത്തെ യുപിഐ ഇടപാടുകളുടെ എണ്ണം വീണ്ടും കുത്തനെ ഉയരും.