ആഭ്യന്തര കലാപം രൂക്ഷമായ മണിപ്പൂരില്‍ ജനജീവിതം വീണ്ടും ദുസ്സഹമാക്കി അവശ്യ സാധനങ്ങളുടെ വില കുത്തനെ കുതിക്കുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സാധനങ്ങളുടെ ഇറക്കുമതി കുറഞ്ഞതോടെയാണ് അവശ്യ സാധനങ്ങളുടെ വില വര്‍ധിക്കുന്നത്. പെട്രോള്‍ മുതല്‍ പച്ചക്കറികള്‍ക്ക് വരെ ആളുകള്‍ ഇരട്ടിയിലധികം പണം നല്‍കിയാണ് വാങ്ങുന്നത്.
പെട്രോള്‍, അരി, ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയ വസ്തുക്കളുടെ വില കുത്തനെ വര്‍ധിച്ച് ഇരട്ടിയിലധികമായി. സംസ്ഥാനത്ത് ലഭിക്കുന്ന സൂപ്പര്‍ഫൈന്‍ അരിചാക്കിന് 900 രൂപയായിരുന്നത് 1,800 രൂപയായി ഉയര്‍ന്നു. ഉരുളക്കിഴങ്ങിനും ഉള്ളിക്കും വില 20 മുതല്‍ 30 രൂപ വരെ വര്‍ധിച്ചു. പലയിടത്തും പെട്രോളിന് 170 രൂപയിലെത്തി.
30 മുട്ടകള്‍ ഉള്‍ക്കൊള്ളുന്ന പെട്ടിയൊന്നിന് 180 രൂപയില്‍ നിന്ന് 300 രൂപയായി. നൂറുരൂപയോളമാണ് ഉരുളക്കിഴങ്ങിന് വില. മെയ്‌തേയി, കുകി സമുദായക്കാര്‍ തമ്മിലുള്ള ആഭ്യന്തര പ്രശ്‌നം കാര്യമായി ബാധിക്കാത്ത ജില്ലകളില്‍ വരെ വിലക്കയറ്റം സാരമായി ബാധിച്ചു. പുകയില ഉത്പന്നങ്ങളുടെ വിലയും ഇരട്ടിയായി. 18 ഭക്ഷ്യവസ്തുക്കളുടെ പുതുക്കിയ മൊത്ത, ചില്ലറ വിലകളുടെ പട്ടിക സര്‍ക്കാര്‍ പുറത്തിറക്കി.
മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്‌തേയി ഇംഫാല്‍ താഴ്വരയിലാണ് കൂടുതലും താമസിക്കുന്നത്. ജനസംഖ്യയുടെ 40 ശതമാനം വരുന്ന ആദിവാസികളായ നാഗകളും കുക്കികളും മലയോര ജില്ലകളിലാണ് താമസിക്കുന്നത്. ഈ രണ്ട് പേരെയുമാണ് വിലക്കയറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.