ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റതിനു ശേഷം ഇതുവരെ 186 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നതായി റിപ്പോർട്ട്. 2017 മുതലുള്ള പൊലീസ് എൻകൗണ്ടറുകളുടെ കണക്കുകൾ ദി ഇന്ത്യൻ എക്സ്പ്രസ്സാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓരോ പതിനഞ്ച് ദിവസത്തിലും ഒരാളെങ്കിലും പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.’അപരാധ മുക്ത് ഉത്തർപ്രദേശ്’ എന്നതാണ് സർക്കാരിന്റെ നയം.
സർക്കാരിന്റെ മൊത്തം നയത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് പൊലീസ് ഏറ്റുമുട്ടലുകൾ എന്നാണ് യുപി ക്രമസമാധാനപാലന ചുമതലയുള്ള ഉദ്യോഗസ്ഥൻ പ്രശാന്ത് കുമാർ പറയുന്നത്. ഏറ്റുമുട്ടൽ കൊലപാതകങ്ങളിലൂടെ ഉത്തർപ്രദേശിനെ സുരക്ഷിതമായ തീരത്തെത്തിച്ച കപ്പിത്താനാണ് യോഗി എന്നാണ് പ്രശാന്ത് കുമാർ പറയുന്നത്. മെയ് നാലാം തീയതി യുപിയിലെ ഗാങ്സ്റ്ററായ അനിൽ ദുജാന പൊലീസ് ഏറ്റുമുട്ടലിൽ കൊല ചെയ്യപ്പെട്ടതാണ് യുപിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും പുതിയ എൻകൗണ്ടർ വാർത്ത.
186 പേരെയാണ് നീതിന്യായ സംവിധാനത്തിനു കീഴിൽ കൊണ്ടുവരാതെ പൊലീസ് ഏറ്റുമുട്ടലുകളിലൂടെ കൊല ചെയ്തത്. 5,000ത്തിലധികം പേരുടെ കാലുകളിൽ വെടിവെച്ച് വീഴ്ത്തി. ഏറ്റുമുട്ടലുകളിൽ 16 പൊലീസ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമായി. 1,443 പൊലീസുകാർക്ക് പരുക്കേറ്റു. 2017നു ശേഷം യുപിയിലെ സ്ഥിതി ഇതാണെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.2018ലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നത്.
41 പേർ ആ വർഷം കൊല ചെയ്യപ്പെട്ടു. ഓരോ പതിനഞ്ച് ദിവസത്തിനിടയിലും 30 പേർക്കെങ്കിലും പൊലീസിൽ നിന്ന് വെടിയേൽക്കുന്നുണ്ട്. കൊല്ലപ്പെട്ട 186 പേരിൽ 96 പേർ കൊലപാതകക്കുറ്റത്തിന് നിയമനടപടികൾ നേരിടുന്നവരാണ്. ഇവരിൽ രണ്ടുപേർ ബലാൽസംഗം, കൂട്ടബലാൽസംഗം, പോക്സോ തുടങ്ങിയ കേസുകളും നേരിടുന്നുണ്ട്. ഏറ്റുമുട്ടൽ സംഭവങ്ങളിൽ മരണം നടന്നിട്ടുണ്ടെങ്കിൽ മജിസ്ട്രേറ്റ് അന്വേഷണം നിർബന്ധമാണ്. 161 കേസുകളിൽ മജിസ്ട്രേറ്റ് അന്വേഷണം പൂർത്തിയായിട്ടുണ്ട്.
ഇതിലൊന്നുംതന്നെ പൊലീസിനെതിരായ പരാമർശം ഒ!രിക്കൽപ്പോലും വന്നിട്ടില്ല. ഒരു കേസിൽപ്പോലും അന്വേഷകർക്ക് സംശയങ്ങളൊന്നുമുണ്ടായിട്ടില്ല. 186 ഏറ്റുമുട്ടൽ കൊലപാതകക്കേസുകളിൽ 156 എണ്ണത്തിലും പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയുണ്ടായതായും ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.