ചരിത്രമായി റയ്യാന ബർണവി; അറബ് ലോകത്തെ ആദ്യ ബഹിരാകാശ യാത്രിക

0
135

അറബ് ലോകത്ത് നിന്നും ആദ്യമായി ബഹിരാകാശത്തു പോയ വനിതയെന്ന നേട്ടം ഇനി സൗദി അറേബ്യ സ്വദേശിനിയായ റയ്യാന ബർണവിക്ക് സ്വന്തം. സൗദിയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായാണ് റയ്യാന ബർണവി എന്ന 33കാരി ഈ ദൗത്യം പൂർത്തീകരിച്ചത്. സൗദി അറേബ്യയിലെ ഫൈറ്റർ ജെറ്റ് പൈലറ്റായ അലി അൽ ഖർനിയും ബർണവി എന്നിവരും റയ്യാനയ്ക്കൊപ്പം യാത്രയിൽ ഉണ്ടായിരുന്നു. മെയ് 21 ഞായറാഴ്ച്ചയാണ് യാത്ര പുറപ്പെട്ടത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള പത്തു ദിവസത്തെ സന്ദർശനത്തിനായാണ് ഇവർ പോയിരിക്കുന്നത്.

ഈ യാത്രയോടെ ബ​ഹിരാകാശത്തെത്തുന്ന രണ്ടാമത്തെ സൗദി സ്വദേശി എന്ന നേട്ടമാണ് അലി അൽ ഖർനി കൈവരിച്ചത്. യാത്രയ്ക്ക് വേണ്ടി കഴിഞ്ഞ സെപ്തംബറിലാണ് ഇവർ പരിശീലനം ആരംഭിച്ചത്. ഈ ചരിത്ര നേട്ടം കൈവരിച്ചതോടെ അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി മാറുകയാണ് റയ്യാന ബർണവി. ബയോമെഡിക്കൽ സയൻസിൽ ന്യൂസിലാൻഡിലെ ഒട്ടാഗോ സർവകലാശാലയിൽ നിന്നും ബാച്ചിലർ ബിരുദം നേടിയ വ്യക്തിയാണ് റയ്യാന. ഇതേ വിഷയത്തിൽ റിയാദിലെ അൽഫൈസൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഈ വനിത നേടി. കാൻസർ സ്റ്റെം സെൽ എന്നതിനെക്കുറിച്ചുള്ള വിഷയത്തിൽ ഒൻപത് വർഷത്തെ പ്രവർത്തന പരിചയമാണ് ബർണവിക്ക് ഉള്ളത്.

സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയവും സൗദി ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാമും സംയുക്തമായി ചേർന്നുള്ള ദൗത്യമായിരുന്നു ഇത്. ആക്‌സിയത്തിന്റെ ആസ്ഥാനം അമേരിക്കയാണ്. സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിന്റെ വിഷൻ 2030 ന്റെ ഭാഗമായി, സൗദി സ്‌പേസ് കമ്മീഷൻ (എസ്‌എസ്‌സി) യുടെ കീഴിലാണ് സൗദി ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാം ആരംഭിച്ചത്. മനുഷ്യന്റെ ബഹിരാകാശ യാത്രകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുക, ആ മേഖലയിൽ സൗദിയുടെ നേട്ടം വർദ്ധിപ്പിക്കുക, ശാസ്ത്രീയ ​ഗവേശണങ്ങളിൽ കൂടരുതൽ സംഭാവന നൽകുക എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്ന്. ഇതിന്റെ ഭാ​ഗമായി മറ്റൊരു വനിത ഉൾപ്പെടെ രണ്ട് ബഹിരാകാശ സഞ്ചാരികളെക്കൂടി പരിശീലിപ്പിക്കുന്നുണ്ട്. മറിയം ഫർദൂസ്, അലി അൽ-ഗാംഡി എന്നിവർക്കാണ് പരിശീലനം നൽകുന്നത്.