ഷാരോണ്‍ രാജ് വധക്കേസ്; ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിചാരണ ചെയ്യാന്‍ പ്രോസിക്യൂഷന്‍ അനുമതി

0
33

പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിചാരണ ചെയ്യാന്‍ പ്രോസിക്യൂഷന്‍ അനുമതി. തിരുവനന്തപുരം റൂറല്‍ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് രാസിത്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച്‌ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്.

ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കും.ഇത് വിചാരണയെ സാരമായി ബാധിക്കും. കാലതാമസമുണ്ടായാല്‍ സാഹചര്യ തെളിവുകള്‍ നഷ്ടപ്പെടാനിടയുണ്ട്. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മ ജാമ്യത്തില്‍ ഇറങ്ങുന്നത് അപകടമാണെന്നുമുള്ള സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ്. വിനീത് കുമാറിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കസ്റ്റഡി വിചാരണ അനുവദിച്ചത്.

ഒന്നാം പ്രതിക്കായി ജാമ്യാപേക്ഷ ഫയല്‍ ചെയ്തിരുന്നെങ്കിലും അപ്രതീക്ഷിതമായി പ്രതിഭാഗം ജാമ്യ ഹര്‍ജി പിന്‍വലിച്ചു. എന്നാല്‍ കസ്റ്റഡി വിചാരണ ഹര്‍ജി തീര്‍പ്പായശേഷം വീണ്ടും ജാമ്യ അപേക്ഷ നല്‍കാന്‍ അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.