ഗ്യാൻവാപിയിലെ ശിവലിംഗത്തിന്റെ കാർബൺ ഡേറ്റിംഗ് താത്കാലികമായി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു

0
95

ഗ്യാൻവാപി മസ്‌ജിദ്-കാശി വിശ്വനാഥ് ഇടനാഴിക്കുള്ളിലെ ശിവലിംഗത്തിന്റെ കാർബൺ ഡേറ്റിംഗ് അടുത്ത വാദം കേൾക്കുന്നത് വരെ നടത്തരുതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് (എഎസ്‌ഐ) സുപ്രീം കോടതി വെള്ളിയാഴ്‌ച നിർദ്ദേശിച്ചു.

വാരണാസിയിലെ ഗ്യാൻവാപി മസ്‌ജിദ് സമുച്ചയത്തിൽ നിന്ന് 2022ൽ ഒരു വീഡിയോഗ്രാഫിക് സർവേയ്ക്കിടെ കണ്ടെത്തിയതാണ് ശിവലിംഗം. ഇതിൽ കാർബൺ ഡേറ്റിംഗ് അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച അലഹബാദ് ഹൈക്കോടതിയുടെ മുൻ ഉത്തരവ് നടപ്പിലാക്കുന്നത് കോടതി മാറ്റിവച്ചു.

ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ് പിഎസ് നരസിംഹ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ചിന്റേതാണ് ഉത്തരവ്. അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ മുസ്ലീം വിഭാഗം നൽകിയ ഹർജിയിൽ കോടതി കേന്ദ്ര, ഉത്തർപ്രദേശ് സർക്കാരുകളോട് പ്രതികരണം തേടിയിട്ടുണ്ട്.

“കാർബൺ ഡേറ്റിംഗിന് പകരം മറ്റ് ചില ശാസ്ത്രീയ പരിശോധനകൾ നടത്തേണ്ടതുണ്ടോയെന്ന് നമ്മൾ ആലോചിക്കേണ്ടതുണ്ട്” യുപി സർക്കാരിന് വേണ്ടി വാദിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. എന്നാൽ, ഇക്കാര്യങ്ങളിൽ ജാഗ്രതയോടെ ഇടപെടണമെന്ന് ചീഫ് ജസ്‌റ്റിസ് ചന്ദ്രചൂഡ് പ്രതികരിച്ചു. കണ്ടെത്തിയ ഘടന ശിവലിംഗമാണോ, ജലധാരയാണോ എന്നറിയാൻ ശാസ്ത്രീയ അന്വേഷണത്തിന് അനുമതി നൽകിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവും ബെഞ്ച് തടഞ്ഞു.