എന്റെ കേരളം മെഗാ മേളയ്ക്ക് നാളെ (മെയ് 20) തിരിതെളിയും, നഗരം ഉത്സവത്തിമിർപ്പിലേക്ക്

0
47

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന ഭക്ഷ്യ മേളയ്ക്ക് നാളെ (മെയ് 20) തിരിതെളിയും. മെയ് 20 മുതൽ 27 വരെ നടക്കുന്ന മേളയ്ക്കായുള്ള സജ്ജീകരണങ്ങൾ കനകക്കുന്നിൽ പൂർത്തിയായി. പൂർണമായും ശീതീകരിച്ച ഇരുന്നൂറ്റിയമ്പതിലധികം സ്റ്റാളുകളിലാണ് മേള സജ്ജീകരിച്ചിരിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾക്ക് പുറമെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, കേരള പോലീസ്, സഹകരണ വകുപ്പ്, കിഫ്ബി തുടങ്ങിയവർ ഒരുക്കുന്ന പ്രത്യേക പ്രദർശനവുമുണ്ടാകും.

പതിനഞ്ചോളം സർക്കാർ വകുപ്പുകളുടെ തത്സമയ സേവനങ്ങൾ സൗജന്യമായും വേഗത്തിലും ലഭിക്കുന്ന സർവീസ് സ്റ്റാളുകൾ, വിലക്കുറവിൽ വിവിധ വകുപ്പുകളുടെയും ചെറുകിട സംരംഭകരുടെയും ഉത്പന്നങ്ങൾ വാങ്ങാൻ കഴിയുന്ന വിപണന സ്റ്റാളുകൾ, മുന്നൂറോളം പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനാവുന്ന രൂചി വൈവിധ്യങ്ങൾ വിളമ്പുന്ന അതിവിപുലമായ ഫുഡ് കോർട്ട്, പ്രശസ്ത പിന്നണി ഗായകൻ എം.ജി ശ്രീകുമാർ അടക്കമുള്ള കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ, പുതുതലമുറയുടെ ആശയങ്ങൾ കേൾക്കാനും സ്റ്റാർട്ടപ്പ് സംരംഭകരുടെ നേട്ടങ്ങൾ വിശദീകരിക്കാനുമുള്ള യൂത്ത് സെഗ്മെന്റ്, അത്യാധുനിക റോബോട്ടുകൾ ഉൾപ്പെടെ നിരക്കുന്ന ബൃഹത്തായ ടെക്‌നോസോൺ, കായിക സാംസ്ക്കാരം വളർത്താനായി സജ്ജീകരിച്ചിരിക്കുന്ന സ്പോർട്സ് കോർണർ തുടങ്ങിയവ മെഗാ മേളയുടെ പ്രധാന ആകർഷണമാണ്. രാവിലെ 10 മുതൽ രാത്രി വരെയാണ് മേള നടക്കുക. പ്രവേശനം പൂർണമായും സൗജന്യമാണ്.

മെഗാ മേളയുടെ ഉദ്ഘാടനം മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, ആന്റണി രാജു എന്നിവർ മെയ് 20ന് രാവിലെ 11 മണിക്ക് നിർവഹിക്കും. എം.പിമാർ, എം.എൽ.എമാർ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവരും പങ്കെടുക്കും. ഉദ്ഘാടന ദിവസത്തെ ആഘോഷങ്ങൾക്ക് മാറ്റ് പകരാൻ വൈകുന്നേരം എട്ട് മുതൽ നിശാഗന്ധിയിൽ പിന്നണിഗായകൻ എം.ജി ശ്രീകുമാറും സംഘവും നയിക്കുന്ന ‘എം.ജി ശ്രീകുമാർ മ്യൂസിക്കൽ നൈറ്റ്’ അരങ്ങേറും. പിന്നണി ഗായകരായ മൃദുല വാര്യർ, അഞ്ജു ജോസഫ്, റഹ്മാൻ എന്നിവരും സംഘത്തിലുണ്ടാകും. കേരളത്തിലെ നാല് സെൻട്രൽ ജയിലുകളുടെ മിനിയേച്ചർ രൂപമൊരുക്കുന്ന ജയിൽ വകുപ്പിൻ്റെ പ്രത്യേക പവലിയൻ മേളയുടെ മറ്റൊരു ആകർഷണമാകുമെന്ന് ഉറപ്പാണ്.