അഗ്‌നിബാധയിൽ നശിച്ച കൊല്ലത്തെ ഗോഡൗണിന് എൻ. ഒ സി. ഇല്ല

0
70

അഗ്‌നിബാധയിൽ നശിച്ച കൊല്ലത്തെ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഗോഡൗണിന് എൻ. ഒ സി. ഇല്ലെന്ന് കണ്ടെത്തൽ. അഗ്‌നിശമസേനയുടെ പ്രാഥമിക റിപ്പോർട്ടിലാണ് കണ്ടെത്തൽ. ഗോഡൗണിന് മുന്നിൽ കൂട്ടിയിട്ടിരുന്ന ബ്ലീച്ചിംഗ് പൗഡർ നിന്നാണ് തീ പടർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 26 ഫയർ യൂണിറ്റുകൾ രണ്ടര ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ജില്ലയിലെ മെഡിക്കൽ കോളേജ് ഉൾപ്പെടെ എല്ലാ സർക്കാർ ആശുപത്രികളിലേക്കും വിതരണം ചെയ്യേണ്ടിയിരുന്ന മരുന്നുകളും , വിലപിടിപ്പുള്ള ആശുപത്രി ഉപകരണങ്ങളുമാണ് കത്തി നശിച്ചതിൽ ഉൾപ്പെടുന്നത്.ഇതിൽ ജീവൻരക്ഷാ മരുന്നുകളും ഉണ്ട്. ഇത്രയധികം മരുന്നുകൾ കത്തി നശിച്ചതോടെ ജില്ലയിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ മരുന്ന് ക്ഷാമമുണ്ടാകുമോയെന്ന ആശങ്കയും ആരോഗ്യ വകുപ്പിന് ഉണ്ട്.

മരുന്നുകൾ എത്തിക്കാൻ നടപടി കൈക്കൊണ്ടെങ്കിലും അത് പ്രതിസന്ധി പൂർണമായും പരിഹരിക്കാൻ പോന്നതല്ല. അഗ്‌നി രക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത കെട്ടിടത്തിൽ ഗോഡൗൺ പ്രവർത്തിപ്പിച്ചതിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന് വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.