ആശങ്കകൾക്ക് അറുതി, പുതു പ്രതീക്ഷകൾ നൽകി താലൂക്ക് തല അദാലാത്ത്

0
55

ഓട്ടോ ഡ്രൈവറായ അഞ്ചുതെങ്ങ് സ്വദേശി സുമേഷ് ജീവൻ കയ്യിൽ പിടിച്ചാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. കഴിഞ്ഞ വർഷം കനത്ത മഴയിൽ ഭൂരിഭാഗവും തകർന്ന സുമേഷിന്റെ വീട് ഏത് നിമിഷവും നിലംപതിക്കാറായ അവസ്ഥയിലാണ്. മറ്റ് ബന്ധുക്കൾ ആരുമില്ലാത്ത സുമേഷിന്റെ ഏക ആസ്തിയും ഈ വീട് മാത്രമാണ്. വീടിന്റെ കേടുപാടുകൾ തീർത്ത് പുതുക്കി പണിയുന്നതിന് ധനസഹായം ആവശ്യപ്പെട്ടുള്ള സുമേഷിന്റെ പരാതിക്ക് ഉടനടി പരിഹാരം കണ്ട് ചിറഴിൻകീഴ് താലൂക്ക് തല അദാലാത്ത്. നഷ്പരിഹാരമായി 71,000 രൂപ ഒരാഴ്ചയ്ക്കകം അക്കൗണ്ടിൽ ലഭിക്കും.

2020ൽ കലിതുള്ളിയെത്തിയ കാലവർഷം തകർത്ത വീടിന്റെ നഷ്ടപരിഹാരം ലഭിച്ച സന്തോഷത്തിലാണ് 87 വയസ്സുകാരി പൊന്നമ്മ. ശാർക്കര വില്ലേജിൽ ഉൾപ്പെടുന്ന പൊന്നമ്മയ്ക്ക് 28,500 രൂപയും, ഇതേ പരാതിയുമായി എത്തിയ ആനത്തലവട്ടം സ്വദേശി പ്രസന്നയ്ക്ക് 47,500 രൂപയും ലഭിക്കും.

തന്റെ ഏക വരുമാനമാർഗമായ പശു, പാമ്പ് കടിയേറ്റ് ചത്തതോടെ വരുമാനം നിലച്ച കിളിമാനൂർ സ്വദേശി ശ്രീദേവി സുലൈമാനും അദാലത്തിലൂടെ ആശ്വാസം. ആറ് മാസങ്ങൾക്ക് മുൻപാണ് പശുവിന് പാമ്പ് കടിയേറ്റത്. ദുരന്തനിവാരണ മാനദണ്ഡ പ്രകാരമുള്ള നഷ്ടപരിഹാരമായി 16,400 രൂപ ശ്രീദേവിക്ക് അനുവദിച്ച് അദാലത്തിൽ ഉത്തരവായി.

സന്ധ്യയ്ക്ക് ഇനി സ്വയംതൊഴിൽ സ്വപ്നമല്ല: അദാലത്തിൽ ധനസഹായം ഉറപ്പായി

ഭർത്താവ് ആത്മഹത്യ ചെയ്ത കിളിമാനൂർ സ്വദേശി സന്ധ്യ അദാലത്തിനെത്തിയത് സ്വയം തൊഴിൽ ചെയ്യുന്നതിന് ധനസഹായം വേണമെന്ന ആവശ്യവുമായാണ്. അഞ്ചുവയസ്സുള്ള മകനും വൃദ്ധരായ മാതാപിതാക്കളും ഉൾപ്പെടുന്ന തന്റെ കുടുംബത്തിന്റെ വിശപ്പകറ്റാൻ ഒരു വരുമാന മാർഗം തേടിയെത്തിയ സന്ധ്യയെ കൈവിടാതെ ചിറയിൻകീഴ് താലൂക്ക്തല അദാലത്ത് ചേർത്തു നിർത്തി.

അദാലത്ത് ദിവസം ലഭിച്ച അപേക്ഷയാണെങ്കിലും, കുടുംബത്തിന്റെ കഷ്ടത മനസിലാക്കി മന്ത്രി വി. ശിവൻകുട്ടി ഉടനടി ആവശ്യം പരിഗണിക്കുകയും പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന സന്ധ്യയെ ഏക വരുമാനദായകൻ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ ധനസഹായമായി അനുവദിക്കുകയും ചെയ്തു. വാടകവീട്ടിൽ കഴിയുന്ന സന്ധ്യയുടെ കുടുംബത്തിനെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിൽ നടപടിസ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി.