ഇതര സംസ്ഥാന തൊഴിലാളി രാജേഷ് മാഞ്ചിയുടെ കൊലപാതകം; 8 പേർ അറസ്റ്റിൽ

0
72

കിഴിശേരിയിലേത് ആള്‍ക്കൂട്ട കൊലപാതകം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇതര സംസ്ഥാന തൊഴിലാളിയായ ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയുടെ കൊലപാതകത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തതായും തെളിവ് നശിപ്പിക്കലിന്റെ ഭാഗമായി ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായും മലപ്പുറം എസ്പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രണ്ടുദിവസം മുന്‍പാണ് ജോലിക്കായി രാജേഷ് മാഞ്ചി കിഴിശ്ശേരിയില്‍ എത്തിയത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്നും എസ്പി പറഞ്ഞു. ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് 300 മീറ്റര്‍ മാറി വീട്ടില്‍ നിന്നാണ് അവശനായ നിലയില്‍ യുവാവിനെ കണ്ടത്. പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനോടകം തന്നെ മരണം സംഭവിച്ചിരുന്നതായും എസ്പി പറഞ്ഞു.

പ്രതികളായവരുടെ ഫോണില്‍ നിന്ന് വിശദാംശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവര്‍ ഉപദ്രവിച്ച് അവശനാക്കിയ ശേഷം രാജേഷിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മറ്റു തെളിവുകളും ശേഖരിച്ചിട്ടുണ്ട്. മരത്തിന്റെ കൊമ്പും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എസ്പി പറഞ്ഞു. രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ രണ്ടരവരെയാണ് ചോദ്യം ചെയ്തത്. അതിനിടെയായിരുന്നു ക്രൂരമായ മര്‍ദ്ദനം. മണിക്കൂറുകളോളം മര്‍ദ്ദിച്ചിട്ടും പൊലീസിനെ അറിയിച്ചില്ല. ഒടുവില്‍ വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു.

മോഷണശ്രമത്തിന്റെ ഭാഗമായാണ് രാജേഷ് അവിടെ എത്തിയത് എന്നാണ് പ്രാഥമിക നിഗമനം. എത്താനുള്ള സാഹചര്യം കണ്ടെത്തേണ്ടതുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.കൈ പുറകില്‍ കെട്ടിയിട്ടാണ് ഇങ്ങനെ മര്‍ദ്ദിച്ചത്. കൂടാതെ മര്‍ദ്ദിച്ച് അവശനാക്കിയ രാജേഷിനെ പ്രതികള്‍ ചേര്‍ന്ന് വലിച്ചിഴച്ചതായും പൊലീസ് പറയുന്നു. തെളിവ് നശിപ്പിക്കല്‍, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നതെന്നും എസ്പി പറഞ്ഞു.