ജമ്മു കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം

0
123

ജമ്മു കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. വടക്കന്‍ കശ്മീരിലെ ഉറി സെക്ടറിലാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഈ മാസം വടക്കന്‍ കശ്മീരില്‍ ഇത് രണ്ടാം തവണയാണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടയുന്നത്.

പാകിസ്താന്‍ പട്ടാളത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് ഭീകരര്‍ കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്. ഭീകരര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പുറമെ അവര്‍ക്ക് ആവശ്യമായ ആയുധങ്ങളും ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സഹായങ്ങളും പാകിസ്താന്‍ പട്ടാളം നല്‍കുന്നുണ്ടെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ബരാമുള്ളയ്ക്ക് സമീപമാണ് ഇന്ന് പുലര്‍ച്ചെ കൃത്യമായി എണ്ണം കണക്കാക്കാന്‍ കഴിയാത്ത രീതിയില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. തുടര്‍ന്ന് സൈന്യവുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു സൈനിക ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. കൈയ്ക്കും തുടയിലും വെടിയേറ്റ സൈനികന്‍ ചികിത്സയിലാണ്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.

വെടിവെപ്പുണ്ടായതിന് പിന്നാലെ പാകിസ്താന്റെ ഭാഗത്ത് നിന്ന് ഒരു ക്വാഡ്‌കോപ്ടര്‍ സംഭവ സ്ഥലത്ത് എത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തതോടെ ക്വാഡ് കോപ്ടര്‍ പാകിസ്താനിലേയ്ക്ക് തിരികെപ്പോയി. ഇതോടെ ഭീകരര്‍ക്ക് നുഴഞ്ഞുകയറാനായി പാകിസ്താന്‍ പട്ടാളം നല്‍കുന്ന പിന്തുണ എത്രത്തോളമാണെന്ന് മനസിലാക്കാന്‍ സൈന്യത്തിന് കഴിഞ്ഞു.

നേരത്തെ, മെയ് 3ന് വടക്കന്‍ കശ്മീരിലെ കുപ്വാരയിലുള്ള നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. പിഞ്ചാദ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഇരുവരും ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഈ ശ്രമം പരജായപ്പെടുത്തിയെന്നും സൈന്യം അറിയിച്ചിരുന്നു.

സമീപകാലത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പൂഞ്ചിലും രജൗരിയിലുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ 6 ഭീകരരെ വധിക്കുകയും 10 സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. ഭീകരരുടെ നുഴഞ്ഞുകയറ്റവും ആയുധ, ലഹരിക്കടത്ത് തടയുന്നതിനുമായി നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും സൈന്യം പകലും രാത്രിയിലും പട്രോളിംഗ് നടത്തുന്നുണ്ട്.

മെയ് 22ന് ജമ്മു കശ്മീരില്‍ ജി20 ഉച്ചകോടി നടക്കാനിരിക്കെ ജമ്മു കശ്മീരില്‍ സൈന്യം കടുത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. സൈനിക വിന്യാസം ശക്തിപ്പെടുത്തിയും നിരീക്ഷണത്തിനായി ഡ്രോണുകള്‍ ഉപയോഗിച്ചും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ, കശ്മീരിലേയ്ക്കുള്ള പാതകളില്‍ വിവിധ ചെക്ക് പോസ്റ്റുകളിലായി വാഹന പരിശോധനയും ശക്തമായി തുടരുകയാണ്.