കഴിഞ്ഞ വർഷം യുകെയിലേക്ക് കുടിയേറിയത് ഏകദേശം പത്തുലക്ഷം പേർ

0
83

മുമ്പ് രേഖപ്പെടുത്തിയതിന്റെ ഇരട്ടി വേഗത്തിൽ യുകെയിലേക്കുള്ള കുടിയേറ്റം. കഴിഞ്ഞ വർഷം ഏകദേശം പത്തുലക്ഷം പേരാണ് യുകെയിലേക്ക് കുടിയേറിയത് എന്നാണ് പുറത്തു വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. 6,50,000 മുതൽ 9,97,000 വരെ കുടിയേറ്റക്കാർ 2022 ൽ യുകെയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇതിനുമുമ്പ് രേഖപ്പെടുത്തിയ 5,04,000 എന്ന ഏറ്റവും ഉയർന്ന നിരക്കിനെ മറി കടന്നാണ് പുതിയ റെക്കോർഡുകൾ. 2021 ജൂൺ മുതൽ 2022 വരെയുള്ള കണക്കാണ് പുറത്തു വന്നിട്ടുള്ളത്. യുക്രെയ്ൻ അഭയാർഥികളെ കൂടാതെ വിദ്യാർഥികളും എൻഎച്ച്എസ് ജീവനക്കാരും എത്തിച്ചേരുന്നതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.

എന്നാൽ പ്രധാനമന്ത്രി ഋഷി സുനകിന് കനത്ത സമ്മർദമാണ് ഇത് ഏൽപ്പിക്കുക. മൈഗ്രേഷൻ നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് കൺസർവേറ്റീവ് പാർട്ടിയുടെ മുതിർന്ന നേതാക്കൾ പോലും വിമർശിച്ചിരുന്നു. ‘കണക്കുകൾ ആശങ്കപ്പെടുത്തുന്നതാണ്. ഒപ്പം കൺസർവേറ്റീവ് പാർട്ടിക്ക് ഇത് വലിയ പ്രശ്നമായി മാറും’, മുൻ കൺസർവേറ്റീവ് നേതാവ് ഇയാൻ ഡങ്കൻ സ്മിത്ത് പറഞ്ഞു.

സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെങ്കിലും ഇത് ശമ്പളവും, ഉത്പാദനക്ഷമതയും കുറയ്ക്കുകയും ഹൗസിങ് പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്യും. തുടർച്ചയായി വാഗ്ദാനം ചെയ്യുകയല്ലാതെ നെറ്റ് മൈഗ്രേഷൻ കുറയ്ക്കാൻ കുറയ്ക്കാൻ വേണ്ട നടപടികൾ ഒന്നും കൈക്കൊണ്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മേയ് 25 നാണ് 2022 നെറ്റ് മൈഗ്രേഷൻ പൂർണ വിവരങ്ങൾ പുറത്തുവിടുക. ഇതിൽ കുടിയേറ്റം പ്രതിവർഷം പത്ത് ലക്ഷത്തിലേക്ക് ഉയർന്നതായി സ്ഥിരീകരിച്ചാൽ ഋഷി സുനക് സർക്കാരിന് കനത്ത തിരിച്ചടിയാകും.