ജെ.ഡി.എസുമായി സഖ്യത്തിനില്ല, കർണാടകയിൽ കോൺഗ്രസ് ഒറ്റയ്ക്ക് അധികാരത്തിൽ വരും; പവൻ ഖേര

0
72

കർണ്ണാടകയിൽ കോൺഗ്രസ് ഒറ്റയ്ക്ക് അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര. ജെ ഡി. എസുമായി സഖ്യത്തിനില്ല. ദേശീയ – സംസ്ഥാന നേതൃത്വത്തിന്റെ കൂട്ടായ്മയുടെ വിജയമാണ്. പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നു.പരാജയം നദ്ദയുടെ തലയിൽ കെട്ടി വയ്ക്കുന്നു. കോൺഗ്രസിന് വരും തെരഞ്ഞെടുപ്പുകൾക്കുള്ള ബൂസ്റ്റർ ഡോസാണ് കര്‍ണാടകയിലെ ഫലമെന്നും പവൻ ഖേര പറഞ്ഞു.

കർണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് പാളയം ആവേശത്തിലാണ്. കർണാടകയിൽ ഡികെ ശിവകുമാറിന്റെ മാജിക് ഫലം കണ്ടുവെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ 114 സീറ്റുകളുടെ ലീഡാണ് കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്. 44.4ശതമാനം വോട്ട് കോൺഗ്രസ് ഇതുവരെ നേടിക്കഴിഞ്ഞു. എന്നാൽ 75 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 30 സീറ്റുകളുടെ ലീഡ് നിലയാണ് ജെഡിഎസിനുള്ളത്. 224 സീറ്റുകളുള്ള സംസ്ഥാനത്ത് 113 സീറ്റിന്റെ കേവല ഭൂരിപക്ഷമാണ് ലഭിക്കേണ്ടത്.

കോൺഗ്രസിന്റെ ലീഡ് നില കേവല ഭൂരിപക്ഷം കടന്ന് കഴിഞ്ഞു. ഇതോടെ കോൺഗ്രസ് ക്യാമ്പുകളിൽ ആഘോഷം തുടങ്ങിയിരിക്കുകയാണ്. എന്നാൽ ബിജെപി കേന്ദ്രം ഏറെ നിരയാശയിലാണ്. ആഘോഷങ്ങളില്ലാതെ നിശബദ്ധമായി ഫലം ശ്രദ്ധിക്കുന്ന പാർട്ടി പ്രവർത്തകരെയാണ് ഇവിടെ കാണാനാകുന്നത്. ജെഡിഎസ് നിർണ്ണായകമാകുമെന്ന സുചനകളും ലഭിക്കുന്നുണ്ട്. ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളാകുമെന്ന ഉറപ്പിലാണ് ജെഡിഎസ്. ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അത് സമയമാകുമ്പോൾ പുറത്തുവിടുമെന്നുമാണ് ജെഡിഎസ് വ്യക്തമാക്കുന്നത്.