എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി ജെഡിഎസ്

0
70

കർണാടകയിൽ നാളെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോണ്‍ഗ്രസിനെതിരെ ജെഡിഎസ് രംഗത്ത്. എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി ജെഡിഎസ് ആരോപിച്ചു. സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ഏജന്റുമാര്‍ സമീപിക്കുന്നതായാണ് ആരോപണം.

ഇതിനിടെ ആരെ പിന്തുണക്കണം എന്ന കാര്യത്തിൽ ജെഡിഎസ് തീരുമാനിച്ചതായി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ സി എം ഇബ്രാഹിം വ്യക്തമാക്കി. ജെഡിഎസ്സുമായി കോൺഗ്രസും ബിജെപിയും ചർച്ചകൾ ആരംഭിച്ചും എന്നും വാർത്തകളുണ്ടായിരുന്നു. പാർട്ടി വക്താവ് തൻവീർ അഹമ്മദാണ് ഇക്കാര്യം ഇന്നു രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ തൻവീർ അഹമ്മദിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സിഎം ഇബ്രാഹിം പറഞ്ഞു.

അതിനിടെ കർണാടകയിലെ വിജയ പ്രതീക്ഷ പങ്കുവെച്ച് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി രംഗത്തുവന്നു. സംസ്ഥാനത്ത് തൂക്ക് നിയമസഭ വരുമെന്നാണ് താൻ കരുതുന്നതെന്നും തെര‍ഞ്ഞെടുപ്പിൽ ജെഡിഎസിന് 50 സീറ്റ് വരെ കിട്ടാൻ സാധ്യതയുണ്ടെന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടു. അഞ്ച് വികസന പദ്ധതികൾ നടപ്പാക്കാൻ തനിക്ക് കഴിയണമെന്നും തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന ആരുമായും സഖ്യത്തിന് തയ്യാറാണെന്നും കുമാരസ്വാമി വ്യക്തമാക്കി.