1990കളിൽ മാഗസിൻ എഴുത്തുകാരൻ ഇ ജീൻ കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്‌തതിന് ഡൊണാൾഡ് ട്രംപ് 5 മില്യൺ ഡോളർ നഷ്‌ടപരിഹാരം നൽകണമെന്ന് ജൂറി. “ഇന്ന്, ലോകം ഒടുവിൽ സത്യം അറിയുന്നു,” വിധിയ്ക്ക് പിന്നാലെ കരോൾ പ്രസ്‌താവനയിൽ പറഞ്ഞു. “ഈ വിജയം എനിക്ക് മാത്രമല്ല, ആരും വിശ്വസിക്കാത്തതിനാൽ കഷ്‌ടത അനുഭവിച്ച എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ്.” അവർ കൂട്ടിച്ചേർത്തു.
2024ൽ വൈറ്റ് ഹൗസ് തിരിച്ചുപിടിക്കാൻ പ്രചാരണം നടത്തുന്ന മുൻ യുഎസ് പ്രസിഡന്റ് അപ്പീൽ നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ജോസഫ് ടാകോപിന മാൻഹട്ടൻ ഫെഡറൽ കോടതിക്ക് പുറത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
1995-96 കാലഘട്ടത്തിൽ മാൻഹട്ടനിലെ ബെർഗ്‌ഡോർഫ് ഗുഡ്‌മാൻ ഡിപ്പാർട്ട്‌മെന്റ് സ്‌റ്റോർ ഡ്രസ്സിംഗ് റൂമിൽ വച്ച് ട്രംപ് (76) തന്നെ ബലാത്സംഗം ചെയ്‌തുവെന്നും തുടർന്ന് 2022 ഒക്‌ടോബറിൽ തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ എഴുതിയ പോസ്‌റ്റിൽ തന്റെ പ്രശസ്‌തിക്ക് ഹാനി വരുത്തിയെന്നും സിവിൽ വിചാരണയ്ക്കിടെ കരോൾ (79) സാക്ഷ്യപ്പെടുത്തി.
ഏപ്രിൽ 25 ന് ആരംഭിച്ച വിചാരണയിൽ ഉടനീളം ട്രംപ് ഹാജരായിരുന്നില്ല. തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്‌റ്റിൽ ട്രംപ് വിധിയെ അപമാനകരമെന്ന് വിളിക്കുകയും ഈ സ്ത്രീ ആരാണെന്ന് തനിക്ക് തീർത്തും അറിയില്ലെന്നും പറഞ്ഞു. ഇതൊരു സിവിൽ കേസായതിനാൽ, ട്രംപിന് ക്രിമിനൽ വിചാരണ നേരിടേണ്ടിവരില്ല, അതുപോലെ ഒരിക്കലും ജയിൽ ഭീഷണിയും ഉണ്ടായിട്ടില്ല.
ഏകകണ്ഠമായ വിധി പുറപ്പെടുവിക്കേണ്ട ജൂറി മൂന്ന് മണിക്കൂറിൽ താഴെ മാത്രമാണ് ചർച്ച നടത്തി. അതിലെ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും കരോളിന് നഷ്‌ടപരിഹാരമായി 5 മില്യൺ ഡോളർ നൽകാനാണ് വിധിച്ചത്, എന്നാൽ കേസ് അപ്പീലിൽ ഉള്ളിടത്തോളം കാലം ട്രംപ് പണം നൽകേണ്ടതില്ല.
2017 മുതൽ 2021 വരെ പ്രസിഡണ്ടായിരുന്ന ട്രംപ്, റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനായുള്ള അഭിപ്രായ വോട്ടെടുപ്പുകളിൽ മുൻനിരക്കാരനാണ്. കൂടാതെ മറ്റ് രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്‌തമായി വിവാദങ്ങളെ നേരിടാനുള്ള അസാമാന്യമായ കഴിവ് ട്രംപ് പ്രകടിപ്പിച്ചു.
ട്രംപിനെ തുരങ്കം വയ്ക്കാനുള്ള എതിരാളികളുടെ യോജിച്ച ശ്രമത്തിന്റെ ഭാഗമായി അദ്ദേഹത്തിന് എതിരായ നിയമപരമായ പ്രശ്‌നങ്ങളെ കാണുന്ന ട്രംപിന്റെ അനുയായികൾക്ക് ഇടയിൽ ഈ സിവിൽ കേസ് വിധി സ്വാധീനം ചെലുത്തുമെന്നത് അമേരിക്കയുടെ ധ്രുവീകരിക്കപ്പെട്ട രാഷ്ട്രീയ കാലാവസ്ഥയിൽ സാധ്യതയില്ലാത്ത കാര്യമാണെന്ന് തോന്നുന്നു.
“ട്രംപ് വിരുദ്ധരായ ആളുകൾ അങ്ങനെ തന്നെ തുടരും, പ്രധാന ട്രംപ് അനുകൂല വോട്ടർമാർ മാറാൻ പോകുന്നില്ല, കൂടാതെ വ്യക്തമായ നിലപടില്ലാത്തവർ ഇത്തരത്തിലുള്ള കാര്യങ്ങളിൽ ചലിക്കുമെന്ന് ഞാൻ കരുതുന്നില്ല,” പെൻസിൽവാനിയയിലെ റിപ്പബ്ലിക്കൻ തന്ത്രജ്ഞനായ ചാർലി ഗെറോ പറഞ്ഞു. ഏത് പ്രതികൂലമായ ആഘാതവും ചെറുതായിരിക്കാനും, നഗരത്തിന് പുറത്തുള്ള സ്ത്രീകൾക്കും റിപ്പബ്ലിക്കൻമാർക്കും ഇടയിൽ മാത്രമായി പരിമിതപ്പെടുത്താനും സാധ്യതയുണ്ടെന്ന് ഗെറോ പറഞ്ഞു.
കേസിന്റെ വിശദാംശങ്ങൾ
ബെർഗ്‌ഡോർഫിലേക്ക് ട്രംപുമായി കയറുകയും മറ്റൊരു സ്ത്രീക്ക് ഒരു സമ്മാനം തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ സഹായിക്കാൻ സമ്മതിക്കുകയും ചെയ്‌തതായി കരോൾ സാക്ഷ്യപ്പെടുത്തി. എന്നാൽ ട്രംപ് അവരുടെ തല ഒരു ഭിത്തിയിൽ ഇടിപിച്ച ശേഷം ബലാൽക്കാരമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കുകയായിരുന്നു. ബലാത്സംഗം നടന്നതായി ആരോപിക്കപ്പെടുന്ന കൃത്യമായ തീയതിയോ വർഷമോ തനിക്ക് ഓർമയില്ലെന്നും കരോൾ പറഞ്ഞു.
ട്രംപ് കരോളിനെ ബലാത്സംഗം ചെയ്യുകയോ ലൈംഗികമായി ദുരുപയോഗം ചെയ്യുകയോ ബലമായി സ്‌പർശിക്കുകയോ ചെയ്‌തിട്ടുണ്ടോ എന്ന് തീരുമാനിക്കാൻ ജൂറിമാരെ ചുമതലപ്പെടുത്തി. ട്രംപ് കരോളിനെ അപകീർത്തിപ്പെടുത്തിയോ എന്നും അവർ പ്രത്യേകം ചോദിച്ചു. ട്രംപ് അവളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തതായി ജൂറി കണ്ടെത്തി, എന്നാൽ അദ്ദേഹം കരോളിനെ ബലാത്സംഗം ചെയ്‌തിട്ടില്ല.
ട്രംപിന്റെ നിയമസംഘം കരോളിന്റെ വിശ്വസനീയതയെ ആക്രമിച്ചു. എന്തുകൊണ്ടാണ് അവർ ഇക്കാര്യം പോലീസിൽ റിപ്പോർട്ട് ചെയ്‌തില്ലെന്നായിരുന്നു ചോദ്യം. എന്നാൽ, ബലാത്സംഗം ആരോപിക്കപ്പെട്ട സമയത്ത് അവർ തങ്ങളോട് പറഞ്ഞിരുന്നുവെന്നും എന്നാൽ താൻ മുന്നോട്ട് വന്നാൽ ട്രംപ് പ്രശസ്‌തിയും സമ്പത്തും ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഭയന്നതിനാലാണ് അവരെ ഇക്കാര്യം രഹസ്യമായി സൂക്ഷിക്കാൻ പ്രേരിപ്പിച്ചതെന്നും കരോളിന്റെ രണ്ട് സുഹൃത്തുക്കൾ പറഞ്ഞു.