ഡോ വന്ദനാ ദാസിന്റെ കൊലപാതകം; പ്രതി സന്ദീപിനെ സസ്‌പെൻഡ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്

0
46

ഡോ വന്ദനാ ദാസിന്റെ കൊലപാതകത്തിൽ പ്രതി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശ പ്രകാരം നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് നടപടി. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് ജി സന്ദീപ്.

നാടിനെ നടുക്കിയ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. നേരത്തെ സസ്പെൻഷനിലായിരുന്നു എന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കൂടുതൽ കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. വെളിയം ഉപജില്ലയിലെ എയ്ഡഡ് സ്കൂൾ ആയ യുപിഎസ് വിലങ്ങറയിൽ നിന്ന് തസ്തിക നഷ്ടപ്പെട്ട് സംരക്ഷിതാധ്യാപകനായി 2021 ഡിസംബർ 14 മുതൽ കുണ്ടറ ഉപജില്ലയിലെ എയ്ഡഡ് സ്കൂൾ ആയ യുപിഎസ് നെടുമ്പനയിൽ ഹെഡ് ടീച്ചർ വേക്കൻസിയിൽ യു പി എസ് ടി ആയി ജോലി നോക്കുകയായിരുന്നു സന്ദീപ്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വകുപ്പ് തല നടപടിയുണ്ടാവുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. നിയമപരമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ് അധ്യാപകനാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചത്.നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനാണ് സന്ദീപ്.