കേരള സർവകലാശാല യുവജനോത്സവത്തിൽ മാർ ഇവാനിയോസ് കോളജിന് കിരീടം

0
129

കേരള സർവകലാശാല യുവജനോത്സവത്തിൽ തലസ്ഥാനത്തെ കോളേജുകൾക്ക് കിരീടം. മാർ ഇവാനിയോസ് കോളജിന് കിരീടം. ഒന്നാം സ്ഥാനമായി 273 പോയിന്റാണ് നേടിയത്. രണ്ടാം സ്ഥാനം യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം നേടി. 237 പോയിന്റാണ് യൂണിവേഴ്‌സിറ്റി കോളജ് നേടിയത്.ശ്രീ സ്വാതി തിരുന്നാൾ സംഗീത കോളജ് മൂന്നാം സ്ഥാനം നേടി.

117 മത്സര ഇനങ്ങളിൽ 250 കലാലയങ്ങളിൽ നിന്നായി അയ്യായിരത്തോളം കലാപ്രതിഭകൾ പങ്കെടുത്തു. ആൺ, പെൺ വിഭാഗങ്ങൾക്കൊപ്പം ട്രാൻസ് ജെൻഡർ വിഭാഗത്തിനായുള്ള മത്സരങ്ങളും നടന്നു. ഓരോ വേദിക്കും സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖരുടെ പേരുകളാണ് നൽകിയിട്ടുള്ളത്. മത്സര നടത്തിപ്പിനായി 16 സബ്കമ്മിറ്റികൾ പ്രവർത്തിച്ചു.

അതേസമയം അമ്പലപ്പുഴയിൽ നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തിൽ സംഘർഷം ഉണ്ടായി. സംഘനൃത്തം ഫലം അട്ടിമറിച്ചെന്നാരോപിച്ച് വിദ്യാർഥികളും സംഘാടകരും ഏറ്റുമുട്ടി. മത്സരാർത്ഥിക്കും അമ്മയ്ക്കും പരുക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരായ സംഘാടകർക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ ഏരിയാ സെക്രട്ടറിയടക്കം പത്തോളം പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തിൽ ഇരുപതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു.