മലപ്പുറം താനൂരില്‍ അപകടത്തില്‍പ്പെട്ട അറ്റ്‌ലാന്റിക് ബോട്ടിന്റെ ഉടമയുടെ വാഹനം കൊച്ചിയിൽ വെച്ച് കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം പൊലീസാണ് വാഹനം പിടിച്ചെടുത്തത്. ബോട്ടുടമയായ നാസറിൻ്റെ സഹോദരനേയും സുഹൃത്തുക്കളേയും പൊലീസ് ചോദ്യം ചെയ്യുകയാണ്. നാസറിന്റെ ചേട്ടനും സുഹൃത്തുക്കളും കസ്റ്റഡിയിലെടുത്ത വാഹനത്തിലുണ്ടായിരുന്നു. നാസറിന്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇദ്ദേഹം എറണാകുളം ജില്ലയിലുണ്ടെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
ബോട്ടുടമയായ നാസറിൻ്റെ ചിത്രം പൊലീസ് അല്പസമയം മുമ്പ് പുറത്തുവിട്ടിരുന്നു. അന്വേഷണം ഊര്‍ജിതമാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും മലപ്പുറം എസ്പി സുജിത് ദാസ് അറിയിച്ചു. നാസറിനെതിരെ നരഹത്യാ കുറ്റും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് അറ്റ്‌ലാന്റിക് ബോട്ട് വിനോദയാത്ര നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തില്‍ അടക്കം പൊലീസ് പരിശോധന ഉണ്ടാകും. തുറമുഖ വകുപ്പ്, ഇന്‍ലാന്റ് നാവിഗേഷന്‍ എന്നിവരുടെ ലൈസന്‍സ് ബോട്ടിന് ഉണ്ടെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസന്‍സ് നമ്പറും ബോട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ബോട്ട് ജെട്ടിയിലെ പാലം കത്തിച്ചു. കെട്ടുങ്ങല്‍ ബീച്ചിലെ താല്‍കാലിക പാലമാണ് നാട്ടുകാര്‍ കത്തിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് പൂരപ്പുഴയിലെക്ക് സര്‍വീസിനായി ബോട്ട് പുറപ്പെട്ടത്. പുറപ്പെട്ട് ഏതാണ്ട് 200 മീറ്ററുകള്‍ പിന്നിട്ടശേഷം തന്നെ ബോട്ട് അപകടത്തില്‍പെടുകയായിരുന്നു. അനുവദനീയമായ സമയം കഴിഞ്ഞതിന് ശേഷവും ബോട്ട് സര്‍വീസ് നടത്തിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അനധികൃതമായി ബോട്ട് സര്‍വീസ് നടത്തുന്നതിന് പ്രദേശവാസികള്‍ പൊലീസില്‍ കേസ് നല്‍കിയിരുന്നു. ബോട്ടപകടത്തിൽ 22 പേരുടെ ജീവനുകളാണ് പൊലിഞ്ഞത്.