Wednesday
31 December 2025
26.8 C
Kerala
HomeKeralaതാനൂരിലെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവും; അനുശോചിച്ച് രാഷ്ട്രപതി

താനൂരിലെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവും; അനുശോചിച്ച് രാഷ്ട്രപതി

മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമു. അപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് രാഷ്ട്രപതി അനുശോചിച്ചു. ലഭ്യമാകുന്ന വിവരമനുസരിച്ച് 21 പേരാണ് ഇതുവരെ മരിച്ചത്. അപകടത്തെ തുടർന്ന് മെയ് 8 ന് നടത്താനിരുന്ന താലൂക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചു. നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ താനൂർ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് തിരിക്കും. അപകടത്തിൽ മരിച്ചവരിൽ അധികവും കുട്ടികളാണെന്നാണ് ലഭ്യമായ വിവരം. ഇതുവരെ 15 പേരെയാണ് രക്ഷപ്പെടുത്താനായത്. ഏതാണ്ട് 5 പേരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്.

ഏകദേശം 40 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണെന്ന് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ അറിയിച്ചു. ഹൗസ് ബോട്ടായതിനാൾ കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിരിക്കുകയാണ്. ഫയർഫോഴ്സിന്റെ നാല് യൂണിറ്റാണ് നിലവിൽ സ്ഥലത്തുള്ളതെന്നും കൂടുതൽ ആളുകളെ ആവശ്യമെങ്കിൽ എത്തിക്കുമെന്നും ബി. സന്ധ്യ വ്യക്തമാക്കി.

വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് ആണ് മറിഞ്ഞത്. നിരവധി പേർ അപകടത്തിൽ പെട്ടിട്ടുണ്ട്. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. വൻ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതിനാൽ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു.

വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയ സംഭവത്തിൽ ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments