മണിപ്പൂർ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ മണിപ്പൂരിൽ ചീഫ് സെക്രട്ടറിയെ മാറ്റി

0
102

സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ മണിപ്പൂരിൽ ചീഫ് സെക്രട്ടറിയെ മാറ്റി. ഡോ.രാജേഷ് കുമാറിനെ മാറ്റി പകരം വിനീത് ജോഷിക്കാണ് പുതിയ ചുമതല. മണിപ്പൂരിലെ ആഭ്യന്തര കലാപ സാഹചര്യത്തിലാണ് നിയമനം.

1992 മണിപ്പൂർ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് വിനീത് ജോഷി. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയായിരിക്കെയാണ് പുതിയ ചുമതല.

അതേസമയം ആക്രമണങ്ങൾക്കിടയിൽ മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താൻ എയർ ഇന്ത്യ പ്രത്യേക ഡൽഹി-ഇംഫാൽ-ഡൽഹി വിമാനം സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.35ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനം 10 കൈക്കുഞ്ഞുങ്ങളടക്കം 159 യാത്രക്കാരുമായാണ്ഇം ഫാലിൽ നിന്ന് മടങ്ങിയത്.

അക്രമം രൂക്ഷമായ മണിപ്പൂരിൽ നിന്ന് ഇതുവരെ 23000 സാധാരണക്കാരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മണിപ്പൂരിൽ സ്ഥിതിഗതികൾ സംഘർഷഭരിതമാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ വിവിധ പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണവും നടക്കുന്നുണ്ട്.