പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്. കോൺഗ്രസിനെ ഭീകരവാദികളുമായി താരതമ്യം ചെയ്തുവെന്നാരോപിച്ചാണ് പരാതി. കോൺഗ്രസിനെ ആപമാനിക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ പ്രവൃത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നു.
കോൺഗ്രസിന്റെ ചരിത്രം ഭീകര പ്രവർത്തനത്തെയും ഭീകരരെയും പ്രീണിപ്പെടുത്തുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. സർജിക്കൽ സ്ട്രൈക്കുകളും ഭീകര പ്രവർത്തനങ്ങളും നടന്നപ്പോൾ രാജ്യത്തെ പ്രതിരോധ സേനയെ കോൺഗ്രസ് പാർട്ടി ചോദ്യം ചെയ്തു. കോൺഗ്രസും ജെ.ഡി.എസും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നെന്നു പറഞ്ഞ മോദി അവർക്ക് കർണാടകയിൽ ഒരിക്കലും നിക്ഷേപം വർധിപ്പിക്കാനോ യുവാക്കൾക്ക് തൊഴിൽ നൽകാനോ കഴിയില്ലെന്നും പറഞ്ഞു. കർണാടകയിലെ ചിത്രദുർഗയിൽ ഇന്നലെ നടന്ന പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ ചരിത്രം സംസ്ഥാനത്തെ ജനങ്ങൾ ഒരിക്കലും മറക്കില്ല. ഡൽഹി ബാട്ല ഹൗസ് ഏറ്റുമുട്ടൽ നടന്നപ്പോൾ ഭീകരവാദിയുടെ മരണം അറിഞ്ഞ് കോൺഗ്രസ് നേതാവ് കരഞ്ഞു. കർണാടകയിൽ കോൺഗ്രസ് ഭീകരവാദത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നെന്ന് നിങ്ങൾ കണ്ടു. ഭീകരവാദികളുടെ നട്ടെല്ല് തകർത്തത് ബി.ജെ.പിയാണ്. കർണാടകത്തെ നമ്പർ വൺ ആക്കുന്നതിന് സംസ്ഥാനം സുരക്ഷിതമായിരിക്കേണ്ടത് പ്രധാനമാണ്. കോൺഗ്രസിനു മേലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കപ്പെട്ടു. കർണാടകയെ നമ്പർ വൺ ആക്കുന്നതിനുള്ള മാർഗ രേഖ പ്രകടന പത്രികയിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.