പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് ഇനി പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ്

0
50

വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തസ്തികളിലേക്കുള്ള നിയമനത്തിനായി പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കേരള പബ്ലിക്ക് എന്റർപ്രൈസസ്(സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡിനാണ് സർക്കാർ രൂപം നൽകിയത്. പി എസ് സി നിയമനം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത തസ്തികകളിലേക്കുള്ള നിയമനങ്ങളാണ് പുതിയ ബോർഡിന് കീഴിൽ വരിക. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളുടെ കാര്യത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനാണ് പുതിയ ബോർഡ് രൂപീകരിക്കുന്നത് എന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.

ബോർഡ് അംഗങ്ങളായി 4 പേരെ നിയമിച്ചിട്ടുണ്ട്. പുതിയ ചെയർമാനെ നിയമിക്കുന്നതു വരെ ചെയർമാന്റെ ചുമതല റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് മുൻ ചെയർമാൻ കൂടിയായ ബോർഡംഗം വി രാജീവൻ നിർവ്വഹിക്കും. മറ്റ് അംഗങ്ങളായി കെഎസ്ഇബി മുൻ ചീഫ് എഞ്ചിനീയർ രാധാകൃഷ്ണൻ, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനിയറിങ്ങ് കമ്പനി ലിമിറ്റഡ് (കെൽ) ജനറൽ മാനേജർ ലത സി ശേഖർ, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുൻ ഡെപ്യൂട്ടി രജിസ്ട്രാർ കെ ഷറഫുദ്ദീൻ എന്നിവരേയും നിയമിച്ചു.

പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ, പി എസ് സി ക്ക് പുറത്തുള്ള തസ്തികകളിലെ നിയമനങ്ങൾ സുതാര്യമായി നടത്തുന്നതിനായി പബ്ലിക്ക് എൻ്റർപ്രൈസസ് സെലക്ഷൻ ആൻ്റ് റിക്രൂട്ട്മെൻ്റ് ബോർഡ് സ്ഥാപിക്കുമെന്ന എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനമാണ് ഇതോടെ പൂർണമായും പ്രാവർത്തികമാകുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ബാഹ്യ ഇടപെടലുകൾ ഒഴിവാക്കി അതത് മേഖലയിൽ നൈപുണ്യമുള്ള ആളുകളെ തിരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിൽ സ്വയംഭരണാധികാരത്തോടെയായിരിക്കും ബോർഡ് പ്രവർത്തിക്കുക. പൊതു മേഖലയുടെ കാര്യക്ഷമത ഉയർത്തുന്നതിൽ പുതിയ റിക്രൂട്ട്മെന്റ് ബോർഡിന് വലിയ പങ്കു വഹിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.