സബ് സെന്ററുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍; 284 കോടി രൂപ ഭരണാനുമതി ലഭ്യമായി

0
41

സംസ്ഥാനത്തെ 513 സബ് സെന്ററുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ദേശീയ ധനകാര്യ കമ്മീഷന്‍ വഴി 284 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു സബ് സെന്ററിന് 55.5 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. ഇതുകൂടാതെ 13 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, 5 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പുതിയ കെട്ടിടം സ്ഥാപിക്കാന്‍ 1.43 കോടിയുടെ വീതം അനുമതി ലഭ്യമായിട്ടുണ്ട്. ആദ്യഘട്ടമായി ആകെ 152.75 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

സ്വന്തമായി കെട്ടിടമില്ലാത്ത സബ് സെന്ററുകള്‍ക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്കും വരും വര്‍ഷങ്ങളില്‍ പുതിയ കെട്ടിടം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. അതത് പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങള്‍ വഴി സ്ഥലം ലഭ്യമാക്കിയാല്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ക്കായി പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ സാധിക്കുന്നതാണ്.

സംസ്ഥാനത്തെ സബ് സെന്ററുകള്‍ വഴിയുള്ള ഇ സഞ്ജീവനി ശക്തമാക്കാനും തുകയനുവദിച്ചു. 5409 സബ് സെന്ററുകളില്‍ ഇ സഞ്ജീവനി സംവിധാനമൊരുക്കുന്നതിന് 37.86 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഡെസ്‌ക് ടോപ്പ്, പ്രിന്റര്‍, വെബ്ക്യാമറ, സ്പീക്കര്‍, ഹെഡ് ഫോണ്‍, മൈക്ക് എന്നിവയുള്‍പ്പെടെയുള്ളവ ഇ സഞ്ജീവനിയ്ക്കായൊരുക്കും. ഇതോടെ ഇ സഞ്ജീവനി സേവനങ്ങള്‍ സബ് സെന്ററുകള്‍ വഴിയും ലഭ്യമാക്കും.

സംസ്ഥാനത്തെ എല്ലാ സബ് സെന്ററുകളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. സംസ്ഥാനത്തെ എല്ലാ സബ് സെന്ററുകളും ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറുന്നതോടെ പ്രാഥമികാരോഗ്യ തലത്തില്‍ വലിയ മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്. സബ് സെന്ററുകള്‍ കേന്ദ്രീകരിച്ച് ജനപങ്കാളിത്തത്തോടെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.