Saturday
10 January 2026
26.8 C
Kerala
HomeArticlesഅറിയാം മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന് പിന്നിലെ ചരിത്രം

അറിയാം മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന് പിന്നിലെ ചരിത്രം

മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ലോകമെങ്ങും ആചരിക്കുമ്പോള്‍ അത്ര തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് അതിലേക്ക് നയിച്ച ഘടകങ്ങളും. മുതലാളിത്ത ഭരണത്തിനുകീഴില്‍ തൊഴിലാളികള്‍ മുഷ്ടിചുരുട്ടി ഇറങ്ങിയത് ശാരീരികമായ പോരാട്ടത്തിനായിരുന്നില്ല, മറിച്ച് ലംഘിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയായിരുന്നു. ഇന്നും ലോകമെമ്പാടും വിവിധ തൊഴില്‍ മേഖലകളില്‍ തൊഴിലാളികള്‍ വിവിധ അവകാശങ്ങള്‍ക്കായി പോരാട്ടം തുടരുന്നു.

ഹേമാര്‍ക്കറ്റ് സ്‌ക്വയറിലെ തൊഴിലാളി പ്രക്ഷോഭത്തിലേക്ക് നയിച്ച ബോംബ് കഥ?

ജര്‍മന്‍ കുടിയേറ്റത്തിനും ചിക്കാഗോയിലെ തെരുവുകളിലെ അക്രമാസക്തമായ സംഘര്‍ഷങ്ങള്‍ക്കും ഇന്നത്തെ തൊഴിലാളി ദിനവുമായി ബന്ധമുണ്ട്. 1886 മെയ് 1 മുതല്‍ 4 വരെ ഹേമാര്‍ക്കറ്റ് കൂട്ടക്കൊല എന്നും ഹേമാര്‍ക്കറ്റ് കലാപം എന്നും അറിയപ്പെടുന്ന കൂട്ടസംഘര്‍ഷം തൊഴിലാളികളും പൊലീസും തമ്മില്‍ ചിക്കാഗോയില്‍ നടന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര പോരാട്ടത്തിന്റെ പ്രതീകമായി ചരിത്രത്തില്‍ മാറുകയായിരുന്നു ഇതോടെ ചിക്കാഗോ.

മെയ് 4ന് മക്കോര്‍മിക് ഹാര്‍വെസ്റ്റിംഗ് മെഷീന്‍ കമ്പനിയില്‍ഒരു തൊഴിലാളി പ്രക്ഷോഭം നടന്നു. സമരക്കാരും പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് തൊഴിലാളികള്‍ അടുത്ത ദിവസം ഹേമാര്‍ക്കറ്റ് സ്വകയറില്‍ ഒരു ബഹുജന യോഗം വിളിച്ചുചേര്‍ത്തു. പ്രതിഷേധത്തിന് ശേഷം ജനങ്ങള്‍ പിരിഞ്ഞുപോയി തുടങ്ങിയ സമയം അജ്ഞാതനായ ഒരാള്‍ ബോംബ് എറിഞ്ഞതോടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു.

പൊലീസ് തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. സംഘര്‍ഷത്തില്‍ ഏഴ് പൊലീസുകാര്‍ കൊല്ലപ്പെടുകയും അറുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി തൊഴിലാളികളും പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടു. കോടതി കുറ്റക്കാരായി വിധിച്ച ഏഴുപേരില്‍ നാല് പേരെ തൂക്കിലേറ്റി. ഒരാള്‍ ആത്മഹത്യ ചെയ്തു. ചരിത്രം രചിച്ച ചിക്കാഗോയിലെ ഈ സമാനതകളില്ലാത്ത അനീതി ലോകത്തെയാകെ തൊഴിലാളികളെ ഇളക്കിമറിച്ചു. ലോകം അപലപിച്ച ഹേമാര്‍ക്കറ്റ് കൂട്ടക്കൊലയാണ് മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുന്നതിലേക്ക് എത്തിയത്. 1893ല്‍ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി സ്മാരകവും നിര്‍മിക്കപ്പെട്ടു.

ഈ തൊഴിലാളി പ്രക്ഷോഭങ്ങളും ഹേമാര്‍ക്കറ്റ് സ്വകയറിലെ വെടിവയ്പ്പില്‍ കലാശിച്ച സംഭവങ്ങളുമാണ് പിന്നീടങ്ങോട്ട് തൊഴിലാളി ദിനാചരണത്തിലേക്കുള്ള വഴി തുറന്നത്. അതേവര്‍ഷം തന്നെ ഓഗസ്റ്റില്‍ ജനീവയിലെ ഇന്റര്‍നാഷണര്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന്റെ സമ്മേളനത്തില്‍ എട്ട് മണിക്കൂര്‍ ജോലി എന്ന ആവശ്യം തൊഴിലാളികള്‍ ഉന്നയിച്ചു. ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ക്ക് ഇതിന്റെ അനന്തരഫലമായി ജോലിസമയം ക്രമീകരിക്കപ്പെടാന്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോളം വരെ സമയമെടുത്തു. ലോകത്തിന്റെ വിവിധയിടങ്ങളില്‍ സമാനതകളില്ലാത്ത സമരങ്ങളായിരുന്നു അതുവരെ നടന്നത്.

RELATED ARTICLES

Most Popular

Recent Comments