ഗുസ്തിക്കാരുടെ ഗുരുതരമായ ആരോപണനാൾക്ക് വിധേയനായ ബിജെപി എംപി ബ്രിജ് ഭൂഷൺ ആരാണ്?

0
44

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്റെ ലൈംഗികാതിക്രമത്തിനെതിരെയുള്ള ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസത്തിലേക്ക് കടക്കുന്നു. ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷഭൂഷണെതിരെയാണ് താരങ്ങളുടെ സമരം. 2012 മുതല്‍ ഇദ്ദേഹമാണ് ഈ പദവി അലങ്കരിക്കുന്നത്.

രാജ്യത്തിന്റെ അഭിമാന മുഖങ്ങളായ ഗുസ്തി താരങ്ങള്‍ തെരുവില്‍ കഴിയാന്‍ തുടങ്ങിയിട്ട് ആറ് ദിവസമാകുമ്പോഴാണ് ആരോപണ വിധേയനായ ബിജെപി എംപി ബ്രിജ് ഭൂഷണനെതിരെ പോലീസ് കേസെടുക്കുന്നത്. അതും ഗത്യന്തരമില്ലാതെ.

ആരാണ് ശരിക്കും ബ്രിജ് ഭൂഷണ്‍..?

ആറ് തവണ ലോക്സഭാംഗമായി അധികാരം കൈയ്യിലിട്ട് അമ്മാനമാടുന്ന ബിജെപിയുടെ അടുത്ത വാരിസ് ആണ് ബ്രിജ് ഭൂഷണ്‍. വര്‍ഷങ്ങളോളും ബിജെപി തലയിലേറ്റി വെച്ചിരിക്കുന്ന ഈ മഹാൻ രണ്ട് കൊലപാതക കേസുകളിലെ പ്രതിയാണ്. ഒരാളെ ലോറി കയറ്റി കൊന്നു, മറ്റൊരാളെ ഗ്യാങ് ഫയര്‍ നടത്തി കൊന്നു, ഒരാളെ വെടിവെച്ചു, പക്ഷേ ഭാഗ്യം തുണച്ചത് കൊണ്ട് ജീവന്‍ ബാക്കിയായി. സംസ്ഥാനത്തെ വ്യാജവും അല്ലാത്തതുമായ വമ്പന്‍ മദ്യ മാഫിയയുടെ അന്നുമിന്നുമുള്ള കിരീടം വെയ്ക്കാത്ത ഡോണാണ് ഈ വ്യക്തി.

നിരവധി ബലാത്സംഗ ആരോപണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇദ്ദേഹം, ആഗോള കുറ്റവാളിയും മുംബൈ കലാപ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിനെ സഹായിക്കുകയും തുടര്‍ന്ന് ഭീകര വിരുദ്ധ നിയമമായ ടാഡ നിയമ പ്രകാരം ജയിലില്‍ കിടന്ന പ്രതിയുമാണ്.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുഖ്യ പ്രതികളില്‍ ഒരാളെന്ന പട്ടവും ഇദ്ദേഹത്തിന് സ്വന്തം. 2020 ലാണ് ആ കേസില്‍ സുപ്രീം കോടതി ഇയാളെ കുറ്റവിമുക്തനാക്കുന്നത്. 40 ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്നാണു കായിക താരങ്ങള്‍ക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ സുപ്രിം കോടതിയെ ധരിപ്പിച്ചത്. സ്വന്തമായി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരീക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഗുരുതരമായ ക്രമക്കേടും അധോലോക പ്രവര്‍ത്തനങ്ങളുമാണ് നടത്തി വരുന്നത്. 1980 കളില്‍ ബൈക്ക് മോഷണവും മാല മോഷണവുമായി കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ജയിലില്‍ കിടന്ന് പയറ്റി തെളിഞ്ഞ ക്രിമിനല്‍.

ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ജോലി എന്ന് പറയുന്നത്, വലിയ വിജയങ്ങള്‍ വരെ ഇന്ത്യക്ക് നേടി തന്ന പെണ്‍കുട്ടികളെയും വളര്‍ന്ന് വരുന്ന ദേശീയ ഗുസ്തി രംഗത്തുള്ള പെണ്‍കുട്ടികളെയും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കുകയെന്നതാണ്. മിണ്ടിയാല്‍ കൊന്ന് കളയുമെന്ന ഭീഷണിയും .

ഇത് സാധാരണ പോക്കിരിയുടെ ഭീഷണിയല്ല, മിണ്ടിയാല്‍ ഗംഗയില്‍ ചീഞ്ഞളിഞ്ഞ ശവമായോ ഡല്‍ഹിയിലെ റെയില്‍വേ ട്രാക്കിലോ പിറ്റേന്ന് പ്രത്യക്ഷപ്പെടുമെന്ന് പെണ്‍കുട്ടികള്‍ക്കും ഫെഡറേഷനിലെ സഹായികള്‍ക്കും നന്നായി തന്നെ അറിയാം.

സ്വന്തം ജീവന്‍ വരെ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇന്ത്യയുടെ അഭിമാന മുഖങ്ങള്‍ തെരുവിലേയ്ക്ക് ഇറങ്ങിയിരിക്കുന്നത്. ഇത്രയേറെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ബിജെപി ഈ കൊടും ക്രിമിനലിനെ താമരത്തണലില്‍ താലോലിക്കുന്നതാണ് കഷ്ടം. കേന്ദ്ര ഗവണ്‍മെന്റും ബ്രിജ് ഭൂഷണിന് രക്ഷാകവചം തീര്‍ത്ത് സ്ത്രീത്വത്തെയും സ്ത്രീകളുടെ അന്തസ്സിനെയും വെല്ലുവിളിക്കുന്നു.

ഇതാണ് രാജ്യത്തെ ജനാധിപത്യം. ഇതാണ് ഇന്ത്യയുടെ രാഷ്ട്രീയം. പ്രത്യക്ഷത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്ന സര്‍ക്കാരും പരോക്ഷത്തില്‍ അവരുടെ ജീവന്‍ എടുക്കാന്‍ നില്‍ക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്ന സര്‍ക്കാരും.