കൊച്ചിയില്‍ വഴിയരികില്‍ കിടന്നുറങ്ങുന്നവര്‍ക്ക് അന്തിയുറങ്ങാന്‍ ഇടം ഒരുക്കി കൊച്ചി കോര്‍പറേഷൻ

0
58

കൊച്ചി നഗരത്തില്‍ വഴിയരികില്‍ കിടന്നുറങ്ങുന്നവര്‍ക്ക് സുരക്ഷിതമായി അന്തിയുറങ്ങാന്‍ ഇടം ഒരുങ്ങുന്നു. കൊച്ചി കോര്‍പറേഷന്റെ നേതൃത്വത്തില്‍ നൈറ്റ് ഷെല്‍റ്റര്‍ ആരംഭിക്കും. മീഡിയനുകളിലും ഫുട്പാത്തുകളിലും കിടന്നുറങ്ങുന്നവരെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം.

കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഗാന്ധിനഗറിലെ കെട്ടിടമാണ് സജ്ജമാക്കുന്നത്. 50 പേ‌ര്‍ക്ക് താമസിക്കാം. കിടക്കകളും പ്രഭാതഭക്ഷണവും ലഭിക്കും. അവ‌ര്‍ക്ക് പുറത്ത് പോയി ജോലികള്‍ ചെയ്യാം. ശേഷം ഉറങ്ങാനായി ഷെല്‍ട്ടര്‍ ഹോമിലെത്താം. കെട്ടിടം അറ്രകുറ്റപ്പണികള്‍ നടത്തി സജ്ജീകരിക്കും. കെട്ടിടത്തിന് സമീപം റോഡ‌് പൊക്കിയതിനാല്‍ ഇവിടെ വെള്ളക്കെട്ടുണ്ടാകുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ വെള്ളക്കെട്ട് പരിഹരിക്കും. പദ്ധതി നടത്തിപ്പിന് സന്നദ്ധ സംഘടനകളില്‍ നിന്ന് താത്പര്യം പത്രം ക്ഷണിക്കും. കെട്ടിടത്തിന്റെ നവീകരണത്തിന് ശേഷം ആവശ്യമുള്ള ആളുകള്‍ക്കായി തുറന്നുകൊടുക്കും. വഴിയോരത്ത് കഴിയുന്നവര്‍ക്ക് നൈറ്റ് ഷെല്‍റ്റര്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ താമസിക്കുന്നത് ഇത്തരം ആളുകളുടെ ശാരീരിക മാനസിക ആരോദഗ്യത്തെ ബാധിക്കുമെന്നും ഹൈക്കോടതി വിലയിരുത്തി.

ഗുണഭോക്താക്കളെ കണ്ടെത്തും

പദ്ധതിയുടെ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ഉടന്‍ കണ്ടെത്തും. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സര്‍വേ നടത്തും. പട്ടികയും തയ്യാറാക്കും. 140 ഓളം പേര്‍ പള്ളുരുത്തിയിലെ ഷെല്‍റ്റര്‍ ഹോമില്‍ താമസിക്കുന്നുണ്ട്. തെരുവില്‍ നിന്ന് എടുത്ത രോഗികളും പരിക്കേറ്റവരുമായ ആളുകളാണുള്ളത്. ഡിണ്ടിഗല്‍, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരുണ്ട്.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വഴിയോരത്ത് അന്തിയുറങ്ങുന്നുണ്ട്. ഇവരെ ഉടന്‍ തന്നെ കേന്ദ്രത്തിലേക്ക് മാറ്റും. ചില സംഘടനകള്‍ വന്നെങ്കിലും നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അംഗീകരിക്കാന്‍ സാധിച്ചില്ല. കൗണ്‍സില്‍ തീരുമാനത്തിന് ശേഷം നടപടി.