രാജ്യം കടുത്ത ചൂടിലേക്ക്; സമ്പദ് വ്യവസ്ഥയെ തന്നെ സാരമായി ബാധിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍

0
55

കടുത്ത ചൂടിലേക്കാണ് രാജ്യം നീങ്ങുന്നത്. മേയ് മാസത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊള്ളുന്ന ചൂട് ഉണ്ടാവുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. ഇത് വൈദ്യുതി ശൃംഖലയേയും, സമ്ബദ്‌വ്യവസ്ഥയേയും ദോഷകരമായി ബാധിക്കുകയും ജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടാക്കുകയും ചെയ്യും.

കിഴക്കന്‍-മധ്യ മേഖലകളില്‍ താപനില സാധാരണയേക്കാള്‍ കൂടുതലായിരിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കുകിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലും ചൂട് കൂടിയ കാലാവസ്ഥ ഉണ്ടാകാം. 2022ലായിരുന്നു ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. ഇത് ആഗോള ഗോതമ്ബ് വിതരണത്തെ ബാധിച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് രാജ്യം കടുത്ത വേനലിലേക്ക് നീങ്ങുന്നത്. ഇത് വ്യാപാരമേഖലയെയും ബാധിക്കും. ആളുകള്‍ എയര്‍കണ്ടീഷണറുകളും ഫാനുകളും കൂടുതലായി ഓണാക്കുമ്ബോള്‍, പവര്‍ ഗ്രിഡില്‍ സമ്മര്‍ദമേറുകയും അതുവഴി വൈദ്യുതി തടസ സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു.

ഇന്ത്യയേക്കാള്‍ കടുത്ത ചൂട് അനുഭവപ്പെടുന്ന മറ്റു രാജ്യങ്ങളുമുണ്ട്. തായ്‌ലന്‍ഡിലും ബംഗ്ലാദേശിലും താപനില കുതിച്ചുയരുകയാണ്. ചൈനയിലെ യുനാന്‍ പ്രവിശ്യ വരള്‍ച്ചയുടെ പിടിയിലാണ്. ഇന്ത്യയില്‍ വരാനിരിക്കുന്ന മണ്‍സൂണ്‍ സീസണില്‍ എല്‍ നിനോ വികസിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചകര്‍ പറയുന്നു. അതിനാല്‍ കൂടുതല്‍ മണ്‍സൂണ്‍ മഴ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.