പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പിലാക്കിയ ശേഷം മൂവായിരം കോടി രൂപയാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ സർക്കാർ ചെലവഴിച്ചതെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവോട് എ എൽ പി സ്കൂൾ കെട്ടിട ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് വിദ്യാകിരണം മിഷന്റെ ഭാഗമായി 100 ദിന കർമ്മ പദ്ധതിയുമായി ബന്ധപ്പെട്ട് 74 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ സ്‌കൂൾ കെട്ടിടം പണികഴിപ്പിച്ചത്. സ്കൂൾ എഴുപത്തഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും പ്രവേശനകവാടം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി ആന്റ് റീഡിങ്ങ് റൂം എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.
കെ എം സച്ചിൻ ദേവ് എം എൽ എ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക വി.ഭാരതി റിപ്പോർട്ട് അവതരിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ഇ അരവിന്ദാക്ഷൻ സ്വാഗതവും സ്കൂൾ മാനേജർ അനിൽ വിജയൻ നന്ദിയും പറഞ്ഞു.