മൂന്ന് ഡോസ് മയക്കുവെടിവെച്ചു, അരിക്കൊമ്പൻ പാതി മയക്കത്തിലേക്ക്

0
165

ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മൂന്ന് ഡോസ് മയക്കുവെടിവെച്ചു. നാല് കുങ്കിയാനകൾ അരിക്കൊമ്പനടുത്തേക്ക് നീങ്ങുകയാണ്. മയക്കുവെടിയേറ്റ അരിക്കൊമ്പൻ പാതി മയക്കത്തിൽ നിൽക്കുകയാണ്. ഇനി കുങ്കിയാനകൾ അരിക്കൊമ്പനെ തള്ളിനീക്കി വാഹനത്തിൽ കയറ്റേണ്ടതുണ്ട്. അതിന് ശേഷമാകും അരിക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്നത്. ഇനി കൂടുതൽ ഡോസ് മയക്കുവെടി വെക്കാതിരിക്കാനാണ് വനംവകുപ്പ് പരമാവധി ശ്രമിക്കുന്നത്.

അരിക്കൊമ്പനെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ അഭിനന്ദിച്ചു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കിയ ജനപ്രതിനിധികളെയും നാട്ടുകാരെയും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡോ. അരുൺ സക്കറിയ അരിക്കൊമ്പനെ മയക്കുവെടി വച്ചത്. അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക് നീങ്ങുന്നുവെന്നാണ് വിവരം. അരിക്കൊമ്പന് തൊട്ടരികെ ചക്ക കൊമ്പനും എത്തിയതിനാലായിരുന്നു വെടിവെയ്ക്കാൻ വൈകിയത്. പടക്കം പൊട്ടിച്ച് ചക്കക്കൊമ്പനെ അകറ്റിയ ശേഷമാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. ഒരു കൊമ്പ് ഉയർന്നും ഒന്ന് താഴ്ന്നുമാണ് ആനയെ കാണപ്പെട്ടത്. തുടർന്നാണ് അരിക്കൊമ്പൻ തന്നെയാണ് ഇതെന്നുള്ള നിഗമനത്തിൽ വനം വകുപ്പ് വാച്ചർമാർ എത്തിച്ചേർന്നത്.