ഗുസ്തി താരങ്ങൾ നടത്തുന്ന സമരം രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്ന് പി.ടി ഉഷ

0
107

ഡൽഹിയിലെ ജന്തർ മന്തറിൽ ​ഗുസ്തി താരങ്ങൾ നടത്തുന്ന സമരം രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻറ് പി.ടി ഉഷ. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുൻപ് താരങ്ങൾ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്ന് പിടി ഉഷ പറഞ്ഞു.

എന്നാൽ പി.ടി. ഉഷയിൽ നിന്ന് ഇത്ര പരുക്കൻ സമീപനം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ മറുപടി നൽകി. അവരിൽ നിന്നും പിന്തുണയാണ് പ്രതീക്ഷിക്കുന്നത് എന്ന് പുനിയ പറഞ്ഞു.

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭുഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന രാപകൽ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 7 വനിതാ കായികതാരങ്ങൾ ഡൽഹി പൊലീസിൽ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പരാതി നൽകിയിട്ട് ആറു ദിവസം ആയിട്ടും എഫ്ഐ ആർ എടുത്തിട്ടില്ല. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇവർക്ക് പിന്തുണ അറിയിച്ചു.

ഇതിനിടെ തങ്ങളുടെ ‘മൻ കീ ബാത്ത്’ എന്തുകൊണ്ട് കേൾക്കുന്നില്ലെന്ന് പ്രധാനമന്ത്രിയോട് ചോദ്യവുമായി സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ രംഗത്തുവന്നിരുന്നു. ബിജെപി നേതാവും റസ്ലിങ് ഫെഡറേഷൻ എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ നടപടിയെടുക്കാൻ ചർച്ച വേണമെന്ന് ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ കണ്ട് പ്രശ്‌നം ചർച്ച ചെയ്യണമെന്നാണ് ഗുസ്തി താരങ്ങളുടെ ആവശ്യം.

ഗുസ്തി താരങ്ങൾ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മേൽനോട്ട സമിതി രൂപീകരിച്ചതിനെത്തുടർന്ന് താരങ്ങൾ സമരം അവസാനിപ്പിച്ചിരുന്നു. എന്നാൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് ഞായറാഴ്ച വീണ്ടും സമരമാരംഭിച്ചു. ഏപ്രിൽ അഞ്ചിന് റിപ്പോർട്ട് സമർപ്പിച്ച ആറംഗ മേൽനോട്ട സമിതിയുടെ കണ്ടെത്തലുകൾ കായിക മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം ഗുസ്തി അസോസിയേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താനും തിരഞ്ഞെടുപ്പ് സംഘടിപ്പിക്കാനുമായി താൽക്കാലിക സമിതിയെ ഐ.ഒ.എ. നിയോഗിച്ചു. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനാകുന്ന സമിതിയിൽ മുൻ ഷൂട്ടിംഗ് താരം സുമ ഷിരൂർ, വുഷു അസോസിയേഷൻ അധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ബജ്വ എന്നിവർ അംഗങ്ങളാകും.