12 സുഹൃത്തുക്കളെ സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തി; ഗർഭിണിക്കെതിരെ കേസ്

0
71

12 സുഹൃത്തുക്കളെ സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ ഗർഭിണിയ്ക്കെതിരെ കേസ്. തായ്ലൻഡിൽ സരാരത് റങ്ങ്സിവുതാപോൺ എന്ന 32കാരിയെയാണ് ചൊവ്വാഴ്ച പൊലീസ് പിടികൂടിയത്. സുഹൃത്ത് സിരിപോൺ ഖൻവോങ്ങിൻ്റെ മരണത്തെ തുടർന്നുണ്ടായ അന്വേഷണത്തിനൊടുവിൽ സരാരത് പിടിയിലാവുകയായിരുന്നു. ബിബിസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഏപ്രിൽ 14 ന് സരാരത് സുഹൃത്തിനൊപ്പം ഒരു വിനോദയാത്രയ്ക്ക് പോയിരുന്നു. ഇതിനിടെ ഒരു ബുദ്ധിസ്റ്റ് ആചാരത്തിൽ ഇവർ പങ്കെടുത്തു. ഒരു പുഴയിലായിരുന്നു ചടങ്ങ്. ഇതിനിടെ സിരിപോൺ ഖൻവോങ് പുഴയിൽ വീണ് മരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇവരുടെ ശരീരത്തിൽ നിന്ന് സയനൈഡ് കണ്ടെത്തിയിരുന്നു. അവരുടെ മൊബൈൽ ഫോണും പണവും ബാഗുകളും നഷ്ടപ്പെട്ടിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ തൻ്റെ മുൻ കാമുകൻ അടക്കം 12 പേരെ സരാരത് റങ്ങ്സിവുതാപോൺ കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

മരണപ്പെട്ടവരെല്ലാം 33 മുതൽ 44 വരെ വയസ് പ്രായമുള്ളവരാണ്. 2020 ഡിസംബർ മുതൽ 2023 ഏപ്രിൽ വരെയാണ് ഈ കൊലപാതകങ്ങൾ നടന്നത്. ഇവരെല്ലാം കൊല്ലപ്പെട്ടത് ഇങ്ങനെ തന്നെയാവുമെന്നാണ് പൊലീസ് കരുതുന്നത്. കൊല്ലപ്പെട്ടവരുടെ ആഭരണങ്ങളും പണവും നഷ്ടമായെന്ന് ബന്ധുക്കൾ പറയുന്നു. മോഷണമാണ് കൊലപാതകത്തിനുള്ള പ്രചോദനമെന്ന് പൊലീസ് പറയുന്നു. പൊലീസ് ഉദ്യോഗസ്ഥൻ്റെ മുൻ ഭാര്യയായ പ്രതി കുറ്റം സമ്മതിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.