ലൈഫ് പദ്ധതി സൃഷ്ടിച്ചത് ഭവന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റം: മന്ത്രി വി എൻ വാസവൻ

0
70

സംസ്ഥാനത്തെ ഭവന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് ലൈഫ് പദ്ധതി സൃഷ്ടിച്ചതെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എന്‍ വാസവൻ. തൃപ്പൂണിത്തുറ നഗരസഭ, പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ.) ലൈഫ് പദ്ധതി വഴി നൽകുന്ന എഴുന്നൂറാമത് വീടിന്റെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നഗരസഭ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തിയാക്കിയ ഒമ്പത് വീടുകളുടെ താക്കോൽ ദാനവും മന്ത്രി നിർവഹിച്ചു.

സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിപ്ലവകരമായ മാറ്റമാണ് ലൈഫ് പദ്ധതിയിലൂടെ നടക്കുന്നത്. നീതി ആയോഗിന്റെ വിലയിരുത്തലിൽ ദേശീയതലത്തിൽ തന്നെ കേരളം ഒന്നാമതാണ്. ഇതുവരെ 3,40,040 വീടുകളാണ് സംസ്ഥാനത്ത് വീടില്ലാത്തവർക്കായി നൽകിയത്. നിരവധി വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. സഹകരണ വകുപ്പിന് കീഴിൽ മാത്രം 2300 വീടുകൾ നിർമ്മാണം പൂർത്തീകരിച്ച് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എരൂർ പാമ്പാടിത്താഴത്ത് നടന്ന ചടങ്ങിൽ തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ കെ പ്രദീപ് കുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയപരമേശ്വരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി സുമേഷ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത മധുസൂദനൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി എ ബെന്നി, വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു കെ.പീതാംബരൻ, കൗൺസിലർമാരായ പി കെ പീതാംബരൻ, കെ വി സാജു, ഷീജ കിഷോർ, തൃപ്പൂണിത്തുറ നഗരസഭ സെക്രട്ടറി എം സുഗധകുമാർ, മുൻസിപ്പൽ എഞ്ചിനിയർ ബി ആർ ഓം പ്രകാശ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.