ലൈംഗികാതിക്രമക്കേസിലെ പരാതിക്കാരുടെ പേരുവിവരങ്ങള്‍ പോലീസ് ചോര്‍ത്തിയിട്ടുണ്ടെന്ന ആരോപണവുമായി ഒളിമ്പ്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചില ഉദ്യോഗസ്ഥര്‍ വനിതാ ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്തുകയും ഡബ്ല്യുഎഫ്ഐ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗികാതിക്രമ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുവെന്നും ഫോഗട്ട് ആരോപിച്ചു.
ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്ഐ) തലവന്‍ ഇരകളെ തകര്‍ക്കാന്‍ ശക്തമായ തന്ത്രങ്ങളാണ് പ്രയോഗിക്കുന്നത്. അവരെ ഭീഷണിപ്പെടുത്തുകയും കൈക്കൂലി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നെന്നും വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ തുടങ്ങിയ ഗുസ്തിക്കാര്‍ അവകാശപ്പെടുന്നു.
പോലീസ് ബ്രിജ് ഭൂഷണ് പരാതിക്കാരുടെ പേരുവിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും, അദ്ദേഹം, ഹരിയാന റെസ്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാകേഷിനെയും പരിശീലകന്‍ മഹാവീര്‍ പ്രസാദ് ബിഷ്ണോയിയുടെയും സഹായത്താല്‍ പരാതി നല്‍കിയ വനിതാ ഗുസ്തിക്കാരുടെ കുടുംബങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്നാണ് വിനേഷ് പറയുന്നത്. ഗുസ്തി താരങ്ങള്‍ ഡിസിഡബ്ല്യുവിന് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ഫോഗട്ട് ആരോപിച്ചു.
‘ലൈംഗിക പീഡന പരാതിക്കാരുടെ പേരുവിവരങ്ങള്‍ പോലീസ് ചോര്‍ത്തി. അവര്‍ ഭീഷണി മുഴക്കുന്നു. ഇരകളെ തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നു, അതിനാലാണ് എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ വൈകുന്നത്. ഞങ്ങള്‍ ഈ പ്രശ്‌നം NCW യില്‍ ഉന്നയിച്ചിട്ടുണ്ട്’ വിനേഷ് പറഞ്ഞു. പരാതിക്കാരുടെ പേരുവിവരങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. ലൈംഗികാതിക്രമ പരാതിക്കാര്‍ക്ക് ഭീഷണി കോളുകള്‍ ലഭിക്കുന്നു, പണം വാഗ്ദാനം ചെയത് അവരെ പ്രലോഭിപ്പിക്കുന്നു. അവരെ തകര്‍ക്കാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുകയാണെന്നും ഫോഗട്ട് കൂട്ടിച്ചേര്‍ത്തു.
‘കായിക മന്ത്രാലയം ഞങ്ങള്‍ക്ക് നീതി നല്‍കുമെന്ന് കരുതി, പക്ഷേ അത് നടന്നില്ല. ഞങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സുപ്രീം കോടതി പരിഗണിക്കുമെന്നും ഇതിനിടയില്‍ ഒരു കളിയും നടക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഞങ്ങള്‍ പ്രതിഷേധ സ്ഥലം വിടുകയുളളൂ’
പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്ത് അന്വേഷണം തുടങ്ങിയാല്‍ തൃപ്തിപ്പെടുമോ എന്ന ചോദ്യത്തിന്, ‘ നിരവധി പേര്‍ക്കെതിരെ നൂറുകണക്കിന്, ആയിരക്കണക്കിന് എഫ്ഐആറുകള്‍ ഉണ്ട്. പക്ഷേ ഇത് നീതിയുടെ ചോദ്യമാണ്. കബളിപ്പിക്കപ്പെടില്ലെന്ന് ഉറപ്പായാല്‍ മാത്രമേ ഞങ്ങള്‍ പ്രതിഷേധം അവസാനിപ്പിക്കൂ, അല്ലെങ്കില്‍ ഞങ്ങള്‍ ഇവിടെയുണ്ടാകുമെന്നും വിനീഷ് പറഞ്ഞു.
ബജ്റംഗ് പുനിയ, വിനേഷ്, സാക്ഷി മാലിക് എന്നിവരുള്‍പ്പെടെ രാജ്യത്തെ മുന്‍നിര ഗുസ്തിക്കാര്‍ ഞായറാഴ്ച ജന്തര്‍ മന്തറില്‍ പ്രതിഷേധ സ്ഥലത്തെത്തി ഡബ്ല്യുഎഫ്ഐ മേധാവിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാരോപണങ്ങള്‍ പരിശോധിച്ച സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരസ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
ബ്രിജ് ഭൂഷനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ആരോപിച്ച് ഏഴ് വനിതാ ഗുസ്തിക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി സര്‍ക്കാരിനും മറ്റുള്ളവര്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഇത് ഗുരുതരമായ ആരോപണങ്ങളാണെന്നും പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. വനിതാ ഗുസ്തി താരങ്ങളുടെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്നായിരുന്നു സുപ്രീം കോടതി ആദ്യം കരുതിയത്. എന്നാല്‍ വിഷയം ഉന്നയിച്ച മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ ചില വാദങ്ങള്‍ കേട്ട ശേഷം കേസ് ഉടന്‍ പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.