കോന്നി മെഡിക്കല്‍ കോളജ് അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

0
83

സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കോന്നി സർക്കാർ മെഡിക്കൽ കോളജിലെ അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഏപ്രിൽ 24 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കോന്നി മെഡിക്കൽ കോളജിനെ സംബന്ധിച്ച് മറ്റൊരു സുപ്രധാന ദിനമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. 100 വിദ്യാർത്ഥികളുടെ പഠനത്തിനാവശ്യമായ വിപുലമായ സംവിധാനങ്ങളോടെയാണ് അക്കാഡമിക് ബ്ലോക്ക് സജ്ജമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

40 കോടി രൂപ ചെലവഴിച്ചാണ് 4 നിലകളുള്ള അക്കാഡമിക് ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്. ഒന്നാം വർഷ ക്ലാസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പൂർത്തിയാക്കിയ അക്കാദമിക് ബ്ലോക്കിൽ ഗ്രൗണ്ട് ഫ്‌ളോറിൽ അനാട്ടമി വിഭാഗം ലാബ്, അനാട്ടമി മ്യൂസിയം, ലൈബ്രറി, 150 സീറ്റുകളുള്ള ഗാലറി ടൈപ്പ് ലക്ചർ തിയറ്റർ എന്നിവ സജ്ജീകരിച്ചു. ഒന്നാം നിലയിൽ ഫാർമക്കോളജി വിഭാഗം ലാബ്, ബയോകെമിസ്ട്രി വിഭാഗം ലാബ്, രണ്ടാം നിലയിൽ ഫിസിയോളജി ലാബ്, പ്രിൻസിപ്പാളിന്റെ കാര്യാലയം, പരീക്ഷ ഹാൾ, ലക്ചർ ഹാൾ, മൂന്നാം നിലയിൽ പത്തോളജി വിഭാഗം ലാബ്, മൈക്രോബയോളജി ലക്ചർ ഹാൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

ഈ വിഭാഗങ്ങൾ പ്രവർത്തിക്കാൻ ആവശ്യമായ ഫർണീച്ചറുകൾ, ലൈബ്രറിക്ക് ആവശ്യമായ ബുക്കുകൾ, സ്‌പെസിമിനുകൾ, വിദ്യാർത്ഥികളുടെ പഠനത്തിന് ആവശ്യമായ ചാർട്ടുകൾ, അനാട്ടമി വിഭാഗത്തിന് മൃതദേഹം സൂക്ഷിക്കുവാനുളള ടാങ്ക്, പഠനത്തിന് ആവശ്യമായ ബോൺ സെറ്റ്, സ്‌കെൽട്ടനുകൾ, ലാബിന്റെ പ്രവർത്തനത്തിന് ആവശ്യമായ റീയേജന്റുകൾ മുതലായവ പൂർണമായും സജ്ജമാക്കിയിട്ടുണ്ട്.

ജില്ലയിലെ ആദ്യത്തെ 128 സ്ലൈസ് സി.ടി സ്‌കാൻ അഞ്ച് കോടി രൂപ ചിലിവിൽ സജ്ജമാക്കി. പീഡിയാട്രിക്ക് ഐ.സി.യു, സർജിക്കൽ ഐ.സി.യു, മെഡിക്കൽ ഐ.സി.യു എന്നിവ മെഡിക്കൽ കോളജിൽ സജ്ജമാക്കി വരുന്നു. അഞ്ചു മോഡുലാർ ഓപ്പറേഷൻ തിയറ്ററുകളാണ് സജ്ജമാക്കുന്നത്. ഗൈനക്കോളജി ഓപ്പറേഷൻ തിയറ്റർ, പ്രസവമുറി, വാർഡ് എന്നിവ ലക്ഷ്യ പദ്ധതിയനുസരിച്ച് സജ്ജമാക്കി വരുന്നു. ഹോസ്റ്റലുകളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. 200 കിടക്കകളുള്ള രണ്ടാം ബ്ലോക്ക്, ക്വാർട്ടേഴ്സുകൾ, ലോൺട്രി, ഓഡിറ്റോറിയം, മോർച്ചറി, മോഡുലാർ രക്തബാങ്ക് എന്നിവയുടെ നിർമ്മാണം പുരോഗമിക്കുന്നു. 200 കിടക്കകളുള്ള പുതിയ ആശുപത്രി കെട്ടിടം പൂർത്തിയാകുമ്പോൾ 500 കിടക്കകളുള്ള ആശുപത്രിയായി മെഡിക്കൽ കോളജ് മാറും.