സഭാ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചെയർ എടുക്കുന്ന തീരുമാനങ്ങളെ തെറ്റായി വ്യാഖാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും പത്രവാർത്തകളും ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടെന്നും ഇത് അങ്ങേയറ്റം ഖേദകരമാണെന്നും ഇത് പാർലമെന്ററി മര്യാദയുടെ ലംഘനമാണെന്നും നിയമസഭയിൽ സ്പീക്കറുടെ റൂളിംഗ്. അതോടൊപ്പം, സഭയിൽ ഉന്നയിക്കപ്പെടുന്നതിനുള്ള റൂൾ 50 നോട്ടീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിലെ വിശദാംശം അവ സഭയിൽ ഉന്നയിക്കപ്പെടുന്നതിനു മുമ്പുതന്നെ വാർത്താമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പ്രവണതയും വർദ്ധിച്ചു വരുന്നതായി കാണുന്നു. ഇത്തരം നടപടികളും പാർലമെന്ററി മര്യാദകൾക്ക് വിരുദ്ധമാണെന്ന് അറിയിക്കുന്നതായും റൂളിംഗിൽ വ്യക്തമാക്കി.
റൂളിംഗ് പൂർണരൂപം
നിയമസഭാ സമ്മേളന നടപടികളെ സംബന്ധിച്ച് വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകളുമായി ബന്ധപ്പെട്ട് ഒന്നുരണ്ടു കാര്യങ്ങൾ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ചെയർ ആഗ്രഹിക്കുകയാണ്.
സഭാ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചെയർ എടുക്കുന്ന തീരുമാനങ്ങളെ തെറ്റായി വ്യാഖാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും പത്രവാർത്തകളും കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നു വന്നിട്ടുള്ളതായി ചെയറിന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഇതുസംബന്ധിച്ച് ചെയറിനു പറയാനുള്ളത് സഭയുടെ സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതതു ദിവസത്തെ കാര്യപരിപാടികളും മറ്റ് ബിസിനസ്സുകളും തീരുമാനിക്കുന്നതും നടപ്പാക്കുന്നതും ഭരണഘടനയിലേയും സഭയുടെ നടപടി ചട്ടങ്ങളിലേയും ബന്ധപ്പെട്ട വ്യവസ്ഥകളും സഭയുടെ കീഴ്വഴക്കങ്ങളും പാലിച്ചുകൊണ്ടു മാത്രമാണ് എന്നുള്ളതാണ്. ഓരോ കാര്യങ്ങളും തീരുമാനിക്കുമ്പോൾ ചെയർ അത്തരം വ്യവസ്ഥകൾക്കു മാത്രമാണ് പ്രാമുഖ്യം നൽകുന്നത്. മറ്റൊന്നുംതന്നെ ചെയറിനെ സ്വാധീനിക്കുന്നില്ല എന്ന കാര്യം അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുകയാണ്.
വസ്തുതാപരമല്ലാത്ത തരത്തിൽ ഇക്കാര്യങ്ങളെ വ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം ഖേദകരമാണെന്നും ഇത് പാർലമെന്ററി മര്യാദയുടെ ലംഘനമാണെന്നും അറിയിക്കട്ടെ. അതോടൊപ്പം, സഭയിൽ ഉന്നയിക്കപ്പെടുന്നതിനുള്ള Rule 50 നോട്ടീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിലെ വിശദാംശം അത് സഭയിൽ ഉന്നയിക്കപ്പെടുന്നതിനു മുമ്പുതന്നെ വാർത്താമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പ്രവണതയും വർദ്ധിച്ചു വരുന്നതായി കാണുന്നു. ഇത്തരം നടപടികളും പാർലമെന്ററി മര്യാദകൾക്ക് വിരുദ്ധമാണെന്ന് അറിയിക്കുന്നു.