സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത് ആർഎസ്എസ് സംഘം

0
93

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത് ആർഎസ്എസ് സംഘമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ആശ്രമം ആക്രമിച്ചവരുടെ സംഘത്തിൽ മരിച്ച പ്രകാശും ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രകാശ് ഉൾപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നുമാണ്‌ സൂചന. പ്രകാശിനൊപ്പം ബൈക്കിൽ മറ്റൊരാളും ഉണ്ടായിരുന്നെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

അക്രമിസംഘം എത്തുന്നതിന്റെ ദൃശ്യങ്ങൾ രണ്ടിടങ്ങളിൽ നിന്നായി ക്രൈംബ്രാഞ്ച് ശേഖരിച്ചു. അതേസമയം, പ്രകാശിന്റെ മരണത്തിൽ അറസ്റ്റിലായവർ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. ഇവരെ ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്യും. കസ്റ്റഡിയിലുള്ള പ്രതികളിൽ ഒരാൾക്ക് പ്രകാശിന്റെ മരണത്തിലും ആശ്രമം കത്തിക്കൽ കേസിലും പങ്കുണ്ടെന്നാണ് നിഗമനം.

ആശ്രമത്തിൻറെ മുന്നിൽ വയ്ക്കാൻ റീത്ത് എത്തിച്ചത് താനാണെന്ന് പ്രതി മൊഴി നൽകിയെന്നാണ് റിപ്പോർട്ടുകൾ. റീത്ത് എത്തിച്ചത് കൊച്ചുകുമാർ എന്ന കൃഷ്ണകുമാർ ആണെന്നും ക്രൈംബ്രാഞ്ചിനോട് കൃഷ്ണകുമാർ കുറ്റം സമ്മതിച്ചെന്നും സൂചനയുണ്ട്.

2018 നവംബറിലായിരുന്നു കുണ്ടമൺകടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് അക്രമികൾ തീയിട്ടത്. കാർപോർച്ചുൾപ്പെടെ ആശ്രമത്തിന്റെ മുൻവശവും അവിടെയുണ്ടായിരുന്ന നാല് വാഹനങ്ങളുമാണ് ആക്രമത്തിൽ കത്തിയമർന്നത്. 50 കോടിയിലധികം രൂപയുടെ നാശനഷ്‌ട‌മുണ്ടായതായാണ് കണക്ക്.