യുകെയിൽ തൊഴിലവസരം; കേരളത്തിൽ നിന്നുള്ളവർക്ക് പ്രത്യേക പരിഗണന എന്ന് യുകെ സംഘം; തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുമായി സംഘം ചർച്ച നടത്തി

0
92

ആരോഗ്യ മേഖലയിൽ യുകെയിൽ മുപ്പതിനായിരത്തിൽപരം തൊഴിലവസരം. കേരളം സന്ദർശിക്കുന്ന യു കെ സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ നിന്നുള്ളവർക്ക് പ്രത്യേക പരിഗണന ഉണ്ടാകുമെന്ന് യുകെ സംഘം അറിയിച്ചു. തൊഴിൽമന്ത്രി വി ശിവൻകുട്ടിയുമായി സംഘം ചർച്ച നടത്തി.

യുകെയിൽ നിന്നുള്ള 9 അംഗ പ്രതിനിധികളുടെ സംഘമാണ് തൊഴിൽ വകുപ്പിന് കീഴിലുള്ള ODEPC യുടെ ആതിഥ്യം സ്വീകരിച്ചു കേരളം സന്ദർശിക്കുന്നത്. യുകെയിലെ Health Education England (HEE), West Yorkshire Integrated Care Board (WYICB) എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. HEE യുമായി ചേർന്ന് കഴിഞ്ഞ 3 വർഷമായി ODEPC യുകെയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തുവരുന്നു. അറുന്നൂറിലധികം നഴ്‌സുമാരാണ് ഈ മൂന്നു വർഷത്തിനകം ODEPC മുഖേന യു.കെ.യിലേക്ക് ജോലി ലഭിച്ചു പോയത്. ഈ പങ്കാളിത്തം വിപുലീകരിക്കാനും കേരളത്തിലെ ആരോഗ്യമേഖലയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാനുമായാണ് യു.കെ. സംഘം കേരളത്തിൽ എത്തിയത്.

യുകെയിലെ വെസ്റ്റ് യോർക്ക്ഷെയറിലേക്ക് Mental Health നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് ഒഡിഇപിസിയുമായി സംഘം കരാർ ഒപ്പിട്ടു. ഫെബ്രുവരി 12ന് കേരളത്തിലെത്തിയ സംഘം ആരോഗ്യ മന്ത്രിയെയും സന്ദർശിച്ചിരുന്നു. സർക്കാർ-സ്വകാര്യ മേഖലകളിലെ വിവിധ ആശുപത്രികളും നഴ്‌സിംഗ് കോളേജുകളും സംഘം സന്ദർശിക്കുകയും ആരോഗ്യ-തൊഴിൽ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു.

തൊഴിൽ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ്, ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്‌സ് ലിമിറ്റഡ് (ODEPC). 1977 മുതൽ വിദേശ റിക്രൂട്ട്‌മെന്റുകളിൽ ഏർപ്പെട്ടിരിക്കുന്ന ഈ സ്ഥാപനത്തിന്റെ കീഴിൽ ട്രാവൽ, ടൂർ, ട്രെയിനിംഗ്, സ്റ്റഡി എബ്രോഡ് എന്നീ ഡിവിഷനുകളും പ്രവർത്തിച്ചു വരുന്നു. യുകെ.യ്ക്ക് പുറമെ, ബെൽജിയം, ജർമ്മനി, തുടങ്ങിയ രാജ്യങ്ങളിലേക്കും ODEPC റിക്രൂട്ട് ചെയ്യുന്നുണ്ട്‌. ഈ റിക്രൂട്ട്‌മെന്റ് സേവനങ്ങൾ ഭൂരിഭാഗവും സൗജന്യമാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഇംഗ്ലണ്ട് എൻഎച്ച്എസ് ഹെൽത്ത് എഡ്യൂക്കേഷൻ ഗ്ലോബൽ ഹെൽത്ത് പാർട്ണർഷിപ്പ് ഡയറക്ടർ പ്രൊഫ. ജേഡ് ബയേൺ, അസോസിയേറ്റ് ഡയറക്ടർ ഓഫ് വർക്ക്‌ഫോഴ്‌സ് ജോനാഥൻ ബ്രൗൺ, വെസ്റ്റ് യോർക്ക്ഷയർ ഇന്റഗ്രേറ്റഡ് കെയർ ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് നഴ്‌സിംഗ് ഡയറക്ടർ ബെവർലി ഗിയറി, ഗ്ലോബൽ ഹെൽത്ത് പാർട്ണർഷിപ്പ് ഡെപ്യൂട്ടി ഡയറക്ടർ റേച്ചൽ മോനാഗൻ, ഗ്ലോബൽ വർക്ക്‌ഫോഴ്‌സ് ഹെഡ് റോസ് മക്കാർത്തി, കാൽഡേർഡൈൽ & ഹഡ്‌ഡേഴ്സഫീൽഡ് NHS ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ബ്രെണ്ടൻ ബ്രൗൺ, ബ്രാഡ്ഫോർഡ് കെയർ അസോസിയേഷൻ വർക്‌ഫോഴ്‌സ്‌ ലീഡ് റേച്ചൽ റോസ്, NHS ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് ഗ്ലോബൽ സീനിയർ വർക്‌ഫോഴ്‌സ്‌ ലീഡ് മിഷേൽ തോംപ്സൺ, ഗ്ലോബൽ പാർട്ണർഷിപ്സ് പ്രോഗ്രാം മാനേജർ ടിം ഗിൽ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. യു.കെ.യിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്കായി തിരുവനന്തപുരത്തെ Mascot ഹോട്ടലിൽ ഫെബ്രുവരി 16ന് ODEPC നടത്തുന്ന സെമിനാറിൽ സംഘം പങ്കെടുക്കും. വൈകിട്ട് സംഘം യു.കെ.യിലേക്ക് മടങ്ങി പോകും.

ചർച്ചയിൽ ODEPC ചെയർമാൻ അഡ്വക്കേറ്റ് കെ പി അനിൽകുമാർ, മാനേജിങ് ഡയറക്ടർ അനൂപ് കെ എ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.