ബിബിസി ഡോക്യുമെന്ററി: രാജ്യമാകെ പ്രതിഷേധ പ്രദർശനം തുടരുന്നു; ജെഎന്‍യുവിൽ വിദ്യാര്‍ത്ഥികള്‍ക്കുനേരെ എബിവിപിയുടെ കല്ലേറ്

0
55

ബിബിസിയുടെ “ഇന്ത്യ – ദ മോദി ക്വസ്റ്റ്യന്‍” എന്ന ഡോക്യുമെന്ററിയെ തുടർന്ന് രാജ്യമാകെ ബിജെപി-സംഘപരിവാർ ശക്തികൾ കൂടുതൽ തുറന്നുകാട്ടപ്പെടുകയാണ്. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ ഡോക്യുമെന്ററിയുമായി ജനങ്ങൾക്കിടയിലേക്കിറങ്ങിയതോടെ ഗുജറാത്ത് വംശഹത്യ വീണ്ടും ചർച്ചയായിരിക്കുകയാണ്. ലോക രാജ്യങ്ങൾക്കിടയിൽ നരേന്ദ്ര മോഡിയുടെ പ്രതിച്ഛായാ നഷ്ടത്തിനുപുറമെ ഇന്ത്യയ്ക്കകത്തും മോഡി പ്രതിരോധത്തിലായിരിക്കുകയാണ്.

ഡൽഹി ജെഎന്‍യു ക്യാംപസില്‍ എസ്എഫ്ഐ നയിക്കുന്ന വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രിയാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കരുതെന്ന് സർവ്വകലാശാല അധികൃതർ തിട്ടൂരമിറക്കുകയായിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നായിരുന്നു ജെഎൻയു അധികൃതരുടെ ഭീഷണി.
ഇതിനെ അവഗണിച്ചാണ് വിദ്യാർത്ഥി യൂണിയൻ ഡോക്യുമെന്ററി പ്രദർശനവുമായി മുന്നോട്ടുപോവാൻ തീരുമാനിച്ചത്. വിദ്യാർത്ഥികൾ പിന്നോട്ടില്ലെന്നുകണ്ടപ്പോൾ ക്യാമ്പസ്സിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചാണ് ജെഎൻയു അധികൃതർ പ്രതികരിച്ചത്.

തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ലാപ്‌ടോപ്പിലും ഫോണിലുമായി ഡോക്യുമെന്ററി കാണിച്ച് പ്രതിഷേധ സ്ക്രീനിങ് നടത്തുകയായിരുന്നു. ഈ സമയത്താണ് എബിവിപി -യുവമോർച്ച അക്രമിസംഘം ഡോക്യുമെന്ററി കണ്ടുകൊണ്ടിരുന്ന വിദ്യാർത്ഥികളെ രൂക്ഷമായി കല്ലെറിഞ്ഞത്. അതേസമയം ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം യുകെയിൽ ഇന്നലെ രാത്രി പുറത്തിറങ്ങി.